റിയാദ്: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക സാഹിത്യപ്രവർത്തന, പുസ്തക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സൗദി കോഓഡിനേറ്ററായി നൗഫൽ പാലക്കാടനെ നിയമിച്ചു.
മാണി കെ. ചാക്കോ (കുവൈത്ത്), ജോൺ ഗിൽബെർട്ട് (ഖത്തർ), എം.എസ്. സജിത് (ബഹ്റൈൻ), സജി ചങ്ങനാശ്ശേരി (ഒമാൻ) എന്നിവരെ ഇതര ഗൾഫ് രാജ്യങ്ങളിലെ കോഓഡിനേറ്റർമാരായും നിയമിച്ചതായി പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി വൈസ് ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പഴകുളം മധു സർക്കുലറിൽ അറിയിച്ചു.
പ്രവാസികൾക്കിടയിൽ മലയാള സാഹിത്യവും സംസ്കാരവും പരിപോഷിപ്പിക്കുക, വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് സൊസൈറ്റി മിഡിലീസ്റ്റ് രാജ്യങ്ങളിൽ കോഓഡിനേറ്റർമാരെ നിയോഗിച്ചിരിക്കുന്നത്. മിഡിലീസ്റ്റ് രാജ്യങ്ങളിൽ സാഹിത്യ, സാംസ്കാരിക പരിപാടികൾ, പുസ്തകമേളകൾ എന്നിവ സംഘടിപ്പിക്കുക, പ്രവാസി കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ വായനാശീലം വളർത്തുക.
മതേതരപക്ഷത്തുള്ള ഇന്ത്യൻ എഴുത്തുകാരെയും അവരുടെ ആശയങ്ങളെയും പാർശ്വവത്കരിക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങളെ നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക, ജവഹർലാൽ നെഹ്രു ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും എഴുത്തുകൾ പ്രവാസികൾക്ക് ലഭ്യമാക്കുക, പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പ്രചാരണം ഏറ്റെടുത്ത് നടത്തുക.
മിഡിലീസ്റ്റ് രാജ്യങ്ങളിലെ തദ്ദേശീയ സാഹിത്യ സംഘടനകളും സർഗാത്മക സമൂഹങ്ങളുമായി ബന്ധം സ്ഥാപിക്കുക, അവരുമായി ഇടകലരുന്നതിനും സാഹിത്യ സാംസ്കാരിക വിനിമയത്തിനും പങ്കാളിത്തത്തിനും സഹായിക്കുന്ന അവസരങ്ങൾ തിരിച്ചറിയുക, പ്രിയദർശിനി ബുക്ക് ക്ലബിലേക്ക് അംഗങ്ങളെ ചേർക്കുക തുടങ്ങിയ ചുമതലകളാണ് കോഓഡിനേറ്റർമാർക്കുള്ളത്.
പ്രിയദർശിനി പബ്ലിക്കേഷൻ മിഡിലീസ്റ്റ് കോഓഡിനേറ്റർ സഞ്ജു പിള്ള വിവിധ രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സൗദി കോഓഡിനേറ്ററായി നിയമിതനായ നൗഫൽ പാലക്കാടൻ 20 വർഷമായി റിയാദിൽ പ്രവാസിയാണ്. മലപ്പുറം കൊടിഞ്ഞി സ്വദേശിയായ അദ്ദേഹം സാമൂഹിക.
സാംസ്കാരിക, മാധ്യമപ്രവർത്തന രംഗത്ത് സജീവമാണ്. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗമാണ്. മലപ്പുറം ഒ.ഐ.സി.സി വാർഷിക പ്രസിദ്ധീകരണമായ ‘സബർമതി’യുടെ എഡിറ്ററായിരുന്നു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറിയും ചീഫ് കോഓഡിനേറ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്.
കെ.പി.സി.സിക്ക് നന്ദി -റിയാദ് ഒ.ഐ.സി.സി
റിയാദ്: പ്രവാസികൾക്കിടയിൽ വായനയും സാഹിത്യതാൽപര്യവും വർധിപ്പിക്കാൻ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ കീഴിൽ ഗൾഫ് രാജ്യങ്ങളിൽ കോഓഡിനേറ്റർമാരെ നിയമിച്ച കെ.പി.സി.സി നടപടിയെ സ്വാഗതം ചെയ്യുകയാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അറിയിച്ചു.
റിയാദിൽനിന്നുള്ള ഗ്ലോബൽ കമ്മിറ്റി മെംബർ നൗഫൽ പാലക്കാടനെ സൗദി കോഓഡിനേറ്ററായി നിയമിച്ചതിൽ കെ.പി.സി.സിയോട് നന്ദിയുണ്ടെന്നും റിയാദിലെ സൗമ്യവും സർഗാത്മകവുമായ സാംസ്കാരിക മുഖമാണ് നൗഫലെന്നും സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.