ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ (55) വെടിവെച്ചുകൊന്ന കേസിൽ മൂന്നു പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. അമിത് ദിഗ്വേകർ, കെ.ടി. നവീൻ കുമാർ, എച്ച്.എൽ. സുരേഷ് എന്നിവർക്കാണ് ജാമ്യം. കേസ് വിചാരണ നീളുന്നത് ചൂണ്ടിക്കാട്ടി പ്രതികൾ സമർപ്പിച്ച ജാമ്യ ഹരജിയിൽ ഹൈകോടതിയുടെ കലബുറഗി ബെഞ്ചിലെ ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടിയാണ് ജാമ്യം അനുവദിച്ചത്.
ഇവരുടെ കൂട്ടുപ്രതി മോഹൻ നായകിന് കഴിഞ്ഞ ഡിസംബറിൽ ഹൈകോടതി ജാമ്യം നൽകിയിരുന്നു. വിചാരണക്ക് ഹാജരാവുന്നതിൽ വീഴ്ച വരുത്തരുതെന്ന ഉപാധിയോടെയാണ് ജാമ്യം.
2017 സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടോടെ ബംഗളൂരു ആർ.ആർ നഗറിലെ വീട്ടുമുറ്റത്തായിരുന്നു ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് ഹിന്ദുത്വ തീവ്രവാദികൾ ഗൗരിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. കൊലയാളികൾക്ക് താമസിക്കാൻ വാടക വീടും ഉപയോഗിക്കാൻ സിംകാർഡും സംഘടിപ്പിച്ച് നൽകിയത് മോഹൻ നായകാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ആകെ 17 പ്രതികൾ അറസ്റ്റിലായിരുന്നു. 2002 ജൂലൈ നാലിന് വിചാരണ ആരംഭിച്ച കേസിൽ 527 സാക്ഷികളിൽ 130 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്.
പിടിയിലായ പ്രതികൾക്ക് നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകങ്ങളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധമുള്ളവരാണ് മോഹൻ നായക് അടക്കമുള്ള പ്രതികൾ.