ദുബൈ: യുദ്ധം കാരണം ദുരിതത്തിലായ ഗസ്സയിലെ ഖാൻ യൂനിസ് നഗരസഭയിൽ തകർന്ന ജലവിതരണ ശൃംഖലയുടെ അടിയന്തര അറ്റകുറ്റപ്പണി യു.എ.ഇ പൂർത്തിയാക്കും. ഗസ്സയിൽ യു.എ.ഇ നടപ്പാക്കിവരുന്ന ഓപറേഷൻ ഗാലന്റ് നൈറ്റ്-3യുടെ ഭാഗമായാണ് പുനരുദ്ധാരണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഖാൻ യൂനിസ് നഗരസഭയുമായി ഇതുസംബന്ധിച്ച് യു.എ.ഇ അധികൃതർ ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഖാൻ യൂനിസിലെ താമസക്കാരുടെ ദുരിതം ഒഴിവാക്കാനും മുനിസിപ്പാലിറ്റിക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ സംവിധാനമൊരുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഖാൻ യൂനിസ് നഗരത്തിലെ കിണറുകളും ജലസംഭരണികളും പ്രവർത്തിപ്പിക്കുന്നതിന് ധനസഹായം നൽകാനും ധാരണപത്രത്തിൽ കരാറിലെത്തിയിട്ടുണ്ട്. നഗരത്തിലെ പ്രധാന ജല ശൃംഖലകളുടെ നാശനഷ്ടം ഏകദേശം 70 ശതമാനമാണ്.
അതോടൊപ്പം 25 കിണറുകൾ പൂർണമായും 12 എണ്ണം ഭാഗികമായും നശിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കാരണമായി നഗരത്തിലെ ജലക്ഷാമം രൂക്ഷമാകുകയും കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വെള്ളം ലഭിക്കാൻ പ്രയാസം നേരിടുകയും ചെയ്യുന്നുണ്ട്. അറ്റകുറ്റപ്പണികൾക്ക് പുറമെ, ജല ശൃംഖലകൾ വിപുലീകരിക്കുന്നതിനുള്ള സാമഗ്രികൾ ലഭ്യമാക്കൽ, സെൻട്രൽ ഫില്ലിങ് പോയന്റുകളിൽ സ്ഥാപിക്കുന്നതിന് വാട്ടർ ബാരലുകൾ വാങ്ങൽ, പ്രവർത്തന സാമഗ്രികളുടെ വിതരണം (സോളാർ, ഗ്യാസ്), പരിപാലനം എന്നിവയും ധാരണപത്രത്തിൽ ഉൾപ്പെടും. ആരോഗ്യ ദുരന്തങ്ങൾ തടയാനും പാരിസ്ഥിതിക സാഹചര്യം മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
യുദ്ധത്തെ തുടർന്ന് നഗരത്തിൽ മാത്രം ഒമ്പത് ലക്ഷത്തോളം പേർ കുടിയൊഴിപ്പിക്കപ്പെട്ടതായാണ് കണക്ക്. ഈ സാഹചര്യത്തിലാണ് സഹായത്തിനായി യു.എ.ഇ പദ്ധതി നടപ്പാക്കുന്നത്. യുദ്ധത്തിന്റെ തുടക്കകാലം മുതൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫലസ്തീൻ ജനതക്കുവേണ്ടി യു.എ.ഇ ചെയ്തുവരുന്നുണ്ട്. അതോടൊപ്പം രണ്ട് ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിച്ചിട്ടുമുണ്ട്. കൂടാതെ, പ്രതിദിനം 1.2 ദശലക്ഷം ഗാലൻ വെള്ളം ഉൽപാദിപ്പിക്കുന്ന ആറ് ഡീസലൈനേഷൻ പ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി 600000ത്തിലധികം ഗസ്സ നിവാസികൾക്ക് പ്രയോജനം ലഭിക്കുന്നുണ്ട്.