ന്യൂഡൽഹി: ഇസ്രായേൽ ഭരണകൂടം ഗസ്സയിൽ നടത്തുന്ന കണ്ണില്ലാ ക്രൂരതയെ നിശിതമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പത്ത് മാസത്തിനിടെ 40,000 പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേലിന്റെ വംശഹത്യാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആഗോള സമൂഹം ഒരുമിച്ച് നിൽക്കണമെന്ന് പ്രിയങ്ക പറഞ്ഞു. ഇസ്രായേൽ ഗസ്സയിൽ കാടത്തമാണ് കാണിക്കുന്നതെന്നും അതിനെ പിന്തുണക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് ലജ്ജാകരമാണെന്നും അവർ എക്സിൽ കുറിച്ചു.
“ ഇസ്രായേൽ സർക്കാറിന്റെ പ്രവൃത്തിയെ അപലപിക്കുക എന്നത്, വെറുപ്പിലും ഹിംസയിലും വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാർ ഉൾപ്പെടെ, ശരിയായി ചിന്തിക്കുന്ന ഓരോ വ്യക്തിയുടെയും ധാർമിക ഉത്തരവാദിത്തമാണ്. ലോകത്തെ എല്ലാ സർക്കാറുകളും അതിന് തയാറാകണം. ഗസ്സയിലെ വംശഹത്യയിൽ ദിനംപ്രതി ഇല്ലാതാവുന്നത് നിരവധിപ്പേരാണ്. അമ്മമാർ, അച്ഛന്മാർ, ഡോക്ടർമാർ, നഴ്സുമാർ, പത്രപ്രവർത്തകർ, എഴുത്തുകാർ, വൃദ്ധർ, നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ എന്നിങ്ങനെ എല്ലാവരെയും കൊന്നൊടുക്കുകയാണ്.
കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി യു.എസ് കോൺഗ്രസിൽ നടത്തിയ പ്രസംഗം നമ്മൾ കേട്ടു. ‘കാടത്തവും നാഗരികയും തമ്മിലുള്ള പോരാട്ട’മെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. നെതന്യാഹു പറഞ്ഞത് ശരിയാണ്. അദ്ദേഹവും ഇസ്രായേൽ സർക്കാറും കാടത്തമാണ് കാണിക്കുന്നത്. അതിനെ പിന്തുണക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് ലജ്ജാകരമാണ്” -പ്രിയങ്ക എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യു.എസ് പാർലമെന്റിനെ അഭിസംബോധന ചെയ്ത ബെന്യമിൻ നെതന്യാഹു, ഇസ്രായേലിന് ആയുധമുൾപ്പെടെ നൽകുന്ന യു.എസിനെ പ്രകീർത്തിച്ചുകൊണ്ട് പ്രസംഗിച്ചിരുന്നു. നെതന്യാഹുവിന്റെ പ്രസംഗം നിരവധി പാർലമെന്റ് അംഗങ്ങൾ ബഹിഷ്കരിച്ചിരുന്നു. ഫലസ്തീൻ അനുകൂലികൾ പാർലമെന്റിന് പുറത്ത് തടിച്ചു കൂടുകയും പ്രതിഷേധമറിയിക്കുകയും ചെയ്തു.