ന്യൂഡൽഹി: യുദ്ധത്താൽ ജീവിതം വഴിമുട്ടിയ ഫലസ്തീനിലെ പുരാതനമായ സെന്റ് ഹിലാരിയോൺ മൊണാസ്ട്രിക്ക് ‘യുനെസ്കോ’ പദവി. ഗസ്സയിൽ ചരിത്രപ്രാധാന്യമുള്ള ടെൽ ഉമൽ അമറിലെ പൗരാണിക ക്രിസ്തീയ സന്യാസി മഠമാണിത്. അപകടാവസ്ഥയിലുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലും ഇതിനെ പെടുത്തി. ന്യൂഡൽഹിയിൽ നടക്കുന്ന ‘യുനെസ്കോ’ 46ാമത് ലോക പൈതൃക സമിതി സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.
അസമിലെ അഹം രാജവംശത്തിന്റെ സവിശേഷമായ ശവസംസ്കാര നിർമിതിയായ ‘മൊയ്ദമി’നും ‘യുനെസ്കോ’ ലോക പൈതൃക പട്ടികയിൽ ഇടംകിട്ടി. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചരിത്ര കേന്ദ്രങ്ങളിലൊന്നിന് ആദ്യമായാണ് ഇത്തരമൊരു അംഗീകാരം.
പട്ടികയിൽ മൊയ്ദം ഇടംപിടിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ സന്തോഷം പ്രകടിപ്പിച്ചു. അസമിൽ 600 വർഷത്തോളം ഭരിച്ച (1228-1826) തായ്-അഹം രാജവംശത്തിന്റെ സവിശേഷമായ ശവസംസ്കാര ഇടമായ മൊയ്ദം പിരമിഡ് മാതൃകയിലാണ്.
ജൂലൈ 21 മുതൽ 31 വരെയാണ് യുനെസ്കോ ലോക പൈതൃക കൗൺസിൽ യോഗം. ഇതിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 27 നിർദേശങ്ങൾ പരിഗണിക്കും.