ന്യൂഡൽഹി: ഗവർണർമാർ ചാൻസലർ പദവി ഉൾപ്പെടെയുള്ള ഭരണഘടന ബാഹ്യപദവികൾ വഹിക്കുന്നതിനെതിരെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി സമർപ്പിച്ച സ്വകാര്യ ബില്ലിന് അവതരണാനുമതി നിഷേധിച്ചു.
ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം ബിൽ അവതരിപ്പിക്കാൻ ചെയറിലുണ്ടായിരുന്ന രാജ്യസഭ ഉപാധ്യക്ഷൻ അനുമതി നൽകാൻ ഒരുങ്ങിയെങ്കിലും ഭരണപക്ഷം രൂക്ഷമായി ബഹളം െവച്ചതിനെ തുടർന്ന് വിഷയം വോട്ടിനിടാൻ ഉപാധ്യക്ഷൻ നിർബന്ധിതനാവുകയും തുടർന്ന് വോട്ടെടുപ്പ് നടത്തി അവതരണാനുമതി നിഷേധിക്കുകയുമായിരുന്നു.
അതേസമയം, ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് അനുകൂലമായി ജനറൽ ക്ലോസസ് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ജനറൽ ക്ലോസസ് (ഭേദഗതി) ബില്ലും യു.ജി.സി ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും മുകളിൽ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന നിയമങ്ങൾക്ക് മുൻഗണന നൽകണം എന്ന് നിർദേശിക്കുന്ന യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (ഭേദഗതി) ബില്ലും സ്വകാര്യ ബില്ലുകളായി ബ്രിട്ടാസ് അവതരിപ്പിച്ചു. ട്രാൻസ് ജെൻഡർ വ്യക്തികൾക്കു കൂടി നിയമങ്ങളുടെ പരിരക്ഷയും ആനുകൂല്യവും ഉറപ്പുവരുത്താൻ സഹായിക്കുന്നതിന് ഉതകുന്ന ഭേദഗതികളാണ് എം.പി അവതരിപ്പിച്ച ജനറൽ ക്ലോസസ് നിയമം (ഭേദഗതി) ബിൽ എന്ന സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ടത്.