ഹെൻലി ഇൻഡക്സിൽ 2006 മുതൽ 2024 വരെ ഖത്തർ പാസ്പോർട്ടിന്റെ റാങ്കിങ് ഇങ്ങനെദോഹ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മികച്ച പ്രകടനവുമായി ഖത്തർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹെൻലി പാസ്പോർട്ട് സൂചികയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച കുതിപ്പുമായി ഖത്തർ 46ാം റാങ്കിലെത്തി. മുൻവർഷം ഇത് 55ാം സ്ഥാനത്തായിരുന്നുവെങ്കിൽ ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഏറ്റവും മികച്ച റാങ്കിലെത്തിയത്. ഖത്തർ പാസ്പോർട്ട് ഉള്ളവർക്ക് വിസയില്ലാതെ യാത്രചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 107ലെത്തിയതാണ് ആഗോള പട്ടികയിലെ കുതിപ്പിന് വഴിയൊരുക്കിയത്. ഹെൻലി ഇൻഡ്ക്സ് നിലവിൽവന്ന 2006ൽ ഖത്തറിന്റെ റാങ്ക് 60ാം സ്ഥാനമായിരുന്നു. പിന്നീട്, ഏറിയും കുറഞ്ഞും നടത്തിയ കുതിപ്പിനൊടുവിലാണ് 46ലെത്തുന്നത്. 2020ൽ 54, 2021ൽ 60, 2022ൽ 53, 2023ൽ 55 എന്നിങ്ങനെയായിരുന്നു അവസാന വർഷങ്ങളിലെ സ്ഥാനം. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നൽകിയ രേഖകളിൽനിന്നാണ് ഹെൻലി ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ നിർണയിക്കുന്നത്.
സിംഗപ്പൂർ പാസ്പോർട്ടാണ് പട്ടികയിൽ ഒന്നാമത്. 195 രാജ്യങ്ങളിലേക്ക് സിംഗപ്പൂർ പാസ്പോർട്ടുമായി വിസ ഫ്രീയായി യാത്ര ചെയ്യാനാവും. 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന പാസ്പോർട്ടുമായി ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രിയ, ഫിൻലൻഡ്, അയർലൻഡ്, ലക്സംബർഗ്, നെതർലൻഡ്സ്, ദക്ഷിണ കൊറിയ, സ്വീഡൻ രാജ്യങ്ങൾ മൂന്നാം സ്ഥാനത്തുണ്ട്. ഗൾഫ് മേഖലയിൽനിന്ന് യു.എ.ഇയാണ് മുൻനിരയിലുള്ളത്. 185 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രാനുമതിയുള്ള യു.എ.ഇ പാസ്പോർട്ട് ഒമ്പതാം സ്ഥാനത്താണ്. കുവൈത്ത് 49ാം റാങ്ക് (99 വിസ ഫ്രീ രാജ്യങ്ങൾ), സൗദി അറേബ്യ 56ാം റാങ്ക് (88 വിസ ഫ്രീ), ബഹ്റൈൻ 57ാം റാങ്ക് (87 വിസ ഫ്രീ എൻട്രി), ഒമാൻ 58ാം റാങ്ക് (86 വിസ ഫ്രീ എൻട്രി) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ നില.