കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണെന്നും ശക്തമായ പ്രതിപക്ഷം പാർലമെന്റിൽ വന്നുവെന്നും മുതിർന്ന ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ. പാർലമെന്റിൽ ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം കഴിഞ്ഞ 10 വർഷം നാട്ടിലെ ജനാധിപത്യ വ്യവസ്ഥയെ അലട്ടി കൊണ്ടിരുന്ന സുപ്രധാന പ്രശ്നമായിരുന്നു. ശക്തമായ ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവുമാണ് പാർലമെന്റ് ജനാധിപത്യത്തിലെ പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
2014 തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷനിര ദുർബലമാകുന്നത് കണ്ടു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള അവസ്ഥ പോലും പ്രമുഖ പാർട്ടിയായ കോൺഗ്രസിന് ലഭിച്ചില്ല. അത് നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷീണമാണ്. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിയിൽ പഠിക്കേണ്ട വിഷയം ഭരണപക്ഷത്തോടൊപ്പം കിടപിടിക്കാവുന്ന തരത്തിൽ ശക്തമായ പ്രതിപക്ഷ സാന്നിധ്യവും ഉണ്ടായി എന്നതാണ്.
കോൺഗ്രസ് മുക്തഭാരതമെന്ന് ആലങ്കാരികമായി പറയാൻ സാധിക്കും. അല്ലാതെ, പ്രായോഗികമായി നടപ്പാക്കാൻ സാധിക്കില്ല. കോൺഗ്രസിന്റെ സംസ്കാരം ഒരു പാർട്ടിയിലേക്ക് വന്നാൽ കോൺഗ്രസ് മുക്തഭാരതം ഒരിക്കലും ഉണ്ടാക്കാൻ സാധിക്കില്ല. ചരിത്ര പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. ഒരു പാർട്ടിയിൽ നിന്ന് മുക്തമായ ഭാരതം പാടില്ലായെന്ന് ആർ.എസ്.എസ് സർസംഘചാലക് തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും സി.കെ. പത്മനാഭൻ വ്യക്തമാക്കി.
കോൺഗ്രസിൽ നിന്ന് നേതാക്കൾ ബി.ജെ.പിയിലേക്ക് വരുന്നത് അധികാരം ലക്ഷ്യമിട്ടാണ്. ബി.ജെ.പിയിലേക്ക് ആളുകൾ വരുന്നത് പാർട്ടിയുടെ അടിസ്ഥാന ആദർശത്തിന്റെ പ്രേരണ കൊണ്ടല്ല. നരേന്ദ്ര മോദി അധികാരത്തിൽ ഇരിക്കുന്നതിനാൽ അധികാര രാഷ്ട്രീയത്തിന്റെ അഭിനിവേശം കൊണ്ടാണ്. അത്തരത്തിൽ വരുന്നവർക്ക് ബി.ജെ.പിയുടെ അടിസ്ഥാന ആദർശങ്ങൾ സന്നിവേശിപ്പിച്ച ശേഷമാണ് പദവികൾ നൽകേണ്ടത്. അല്ലാതെവന്നാൽ തെറ്റായ സന്ദേശം നൽകുമെന്നും പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.