ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു. ഈരാറ്റുപേട്ട വടക്കേതാഴത്ത് സലീമാണ് (62) മരിച്ചത്. അരയത്തിനാൽ കോളനിക്ക് സമീപത്തെ മീനച്ചിലാറ്റിലെ കടവിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. ഈരാറ്റുപേട്ട ഗവ. എം.എൽ.പി.എസിലെ വിദ്യാർഥി സുൽത്താനെ (ഒമ്പത്) രക്ഷിക്കുന്നതിനിടെയാണ് സംഭവം.
സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം സുൽത്താൻ മുത്തച്ഛനോടൊപ്പം കടവിൽ കുളിക്കാൻ പോകുകയായിരുന്നു. കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കുന്നതിനിടെ സലീം മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ ഇരുവരെയും കരക്ക് എത്തിച്ചെങ്കിലും സലീം മരിച്ചു.
സലീമിന്റെ ഭാര്യ സലീന. മക്കൾ: െഷമീർ, ഷെഫിൻ ഷെജീന, സുലൈമാൻ. െഷമീറിന്റെ മകനാണ് സുൽത്താൻ.