മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷമായ ശ്രാവണം 2024 ഇന്ന് വൈകുന്നേരം എട്ടിന് സമാജം അങ്കണത്തിൽ ഓണവിളംബരത്തോടെ ആരംഭിക്കും. ശ്രാവണം ഓഫിസ് ഉദ്ഘാടനത്തോടെ ഈ വർഷത്തെ രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കമാവുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
കേരളീയ പാരമ്പര്യവും കലാപരമായ പുതിയ പരീക്ഷണങ്ങളും ചേർന്ന വൈവിധ്യം നിറഞ്ഞ ഓണാഘോഷമാണ് ഇത്തവണ ശ്രാവണത്തെ ബഹ്റൈനിലെ ഓണാഘോഷങ്ങളിൽനിന്ന് സമാജം ഓണാഘോഷത്തെ വ്യത്യസ്തമാക്കുക. ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ ചെണ്ട മേളം, തിരുവാതിര തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.
ഓഫിസ് ഉദ്ഘാടനത്തിലേക്കും ഓണവിളംബര ചടങ്ങിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഓണാഘോഷം ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു.