ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര ബജറ്റിലെ വിവേചനത്തിനെതിരെ ഇൻഡ്യ സഖ്യം പാർലമെന്റിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 10.30ന് പ്രതിപക്ഷ എം.പിമാർ പ്രതിഷേധം ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
“ഈ വർഷത്തെ കേന്ദ്ര ബജറ്റ്, ബജറ്റ് എന്ന സങ്കൽപ്പം തന്നെ തകർത്തു. ഒട്ടുമിക്ക സംസ്ഥാനങ്ങളോടും തികഞ്ഞ വിവേചനം കാണിച്ചു. അതിനാൽ ഇതിനെതിരെ പ്രതിഷേധിക്കുക എന്നതാണ് യോഗത്തിന്റെ പൊതുവികാരം” -എന്നാണ് യോഗത്തിന് ശേഷം കെ. സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത്.
കോൺഗ്രസ് എം.പിമാരായ രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്.പി) തലവൻ ശരദ് പവാർ, ശിവസേന (യു.ബി.ടി) എം.പിമാരായ സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഡി.എം.കെ എം.പിമാരായ ടി.ആർ. ബാലു, തിരുച്ചി ശിവ, ഝാർഖണ്ഡ് മുക്തി മോർച്ച എം.പി മഹുവ മാജി, തൃണമൂൽ കോൺഗ്രസ് എം.പി കല്യാണ് ബാനർജി, ആം ആദ്മി പാർട്ടി എം.പിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.