വയനാട്: വൻ പ്രഖ്യാപനങ്ങളുമായി കെപിസിസി ദ്വിദിന ക്യാമ്പ് എക്സിക്യൂട്ടീവ് യോഗം സമാപിച്ചു. പുത്തനുണർവുമായി ശുഭാപ്തി വിശ്വാസത്തോടെയാണ് പ്രവർത്തകർ പിരിയുന്നതെന്ന് നേതൃയോഗത്തിനുശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്കും അടുത്തവർഷം ഡിസംബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനും പാർട്ടിയെ സജ്ജമാക്കാൻ ലക്ഷ്യമിട്ടായിരുന്നു രണ്ടുദിവസത്തെ ക്യാമ്പ് എക്സിക്യൂട്ടീവ് യോഗം. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ ദീപ ദാസ് മുൻഷി, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംഎൽഎമാർ, എംപിമാർ, ഡിസിസി ഭാരവാഹികൾ, പോഷക സംഘടനകളുടെ അധ്യക്ഷൻമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
തിരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളുടെ ചുമതലകൾ മുതിർന്ന നേതാക്കൾക്ക് നൽകാനും തിരഞ്ഞെടുപ്പിൽ സംഘടന താഴെത്തട്ടിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനമായി. കണ്ണൂർ കോർപ്പറേഷൻ – കെ. സുധാകരൻ, കോഴിക്കോട് – രമേശ് ചെന്നിത്തല, തൃശൂർ റോജി എം. ജോൺ, എറണാകുളം – വി.ഡി. സതീശൻ, തിരുവനന്തപുരം – പി.സി. വിഷ്ണുനാഥ്, കൊല്ലം കോർപ്പറേഷൻ വി.എസ്. ശിവകുമാർ, ടി. സിദ്ധിഖ് – വടക്കൻ മേഖല, ടി.എൻ. പ്രതാപൻ – മധ്യ മേഖല, കൊടിക്കുന്നിൽ സുരേഷ് ദക്ഷിണ മേഖല എന്നിങ്ങനെയാണ് ചുമതലകൾ. നേതൃയോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനുള്ള തീരുമാനമെടുത്തുവെന്ന് നേതാക്കൾ അറിയിച്ചു.