ന്യൂഡൽഹി: നാഗാലാൻഡിലെ മോനിൽ ഭീകരർക്കെതിരായ സൈനിക നടപടിക്കിടെ 13 സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത 30 സൈനികരെ വിചാരണ ചെയ്യുന്നത് തടഞ്ഞ ഉത്തരവിനെതിരെ നാഗാലാൻഡ് സർക്കാർ സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്. ആറാഴ്ചക്കകം മറുപടി ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം മുഖേനയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസ് നൽകിയത്.
2021 ഡിസംബർ നാലിന് നടന്ന കൂട്ടക്കൊലയിൽ നാഗാലാൻഡ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പ്രതികളായി പറഞ്ഞ 30 സൈനികരെ വിചാരണ ചെയ്യുന്നതിന് അനുമതി നിഷേധിച്ച് ഒന്നര വർഷം മുമ്പാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ബൊലേറോ പിക് അപ്പിൽ പോവുകയായിരുന്ന കൽക്കരി ഖനി തൊഴിലാളികളെയാണ് ആരാണെന്ന് ചോദിക്കുക പോലും ചെയ്യാതെ വെടിവെച്ചുകൊന്നത്. വെടിവെപ്പിൽ ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാർ സൈന്യവുമായി ഏറ്റുമുട്ടിയതോടെയാണ് ഏഴുപേർ കൂടി കൊല്ലപ്പെട്ടത്. തോക്കുകളും ആയുധങ്ങളുമേന്തി വാഹനത്തിലേക്ക് ചാടിക്കയറുന്നതുകണ്ടാണ് വെടിവെച്ചുകൊന്നതെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം.
മേജർ അടക്കമുള്ള സൈനികർക്ക് കൂട്ടക്കൊലയിലെ പങ്ക് വ്യക്തമാക്കുന്ന തെളിവ് പൊലീസിന്റെ പക്കലുണ്ടെന്നും നാഗാലാൻഡ് സർക്കാറിന്റെ അഡ്വക്കറ്റ് ജനറൽ കെ.എൻ. ബാൽഗോപാൽ ബോധിപ്പിച്ചു.