രാജ്യത്തിന്റെ വിഭവങ്ങളുടെ സന്തുലിതമായ വിതരണം ഉറപ്പുവരുത്താൻ കഴിയാത്തതായി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മോദി സർക്കാറിന്റെ മൂന്നാമൂഴത്തിലെ പ്രഥമ ബജറ്റ്. സ്വന്തം നിലക്ക് ഭൂരിപക്ഷമില്ലാതായതോടെ കേന്ദ്രത്തിൽ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ ബി.ജെ.പി എത്തിപ്പെട്ട നിസ്സഹായവസ്ഥ കൂടി വ്യക്തമാക്കുന്നതാണ് ബജറ്റ്. ആന്ധ്രക്കും ബിഹാറിനുമുള്ള പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ‘കുർസി ബചാവോ ബജറ്റ്’ (കസേര രക്ഷിക്കാനുള്ള ബജറ്റ്) എന്ന് പ്രതിപക്ഷം എം.പിമാർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
15,000 കോടിയുടെ പ്രത്യേക ധനസഹായത്തിനു പുറമെ, ആന്ധ്രക്കായി വ്യവസായ ഇടനാഴിയും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശിന് അമരാവതിയില് പുതിയ തലസ്ഥാനം പണിയുന്നതിനുള്ള പദ്ധതി സഹായം ബജറ്റിലുണ്ട്. ബിഹാർ റോഡ് പദ്ധതികൾക്ക് 26,000 കോടി പ്രഖ്യാപിച്ചതിനു പുറമെ, വെള്ളപ്പൊക്ക നിവാരണ പദ്ധതിക്കായി 11,500 കോടി രൂപയും അനുവദിച്ചു. ബിഹാറിലെ ഗയയിൽ പുതിയ വ്യവസായ കേന്ദ്രം സ്ഥാപിക്കുമെന്നും പുതിയ വിമാനത്താവളങ്ങളും മെഡിക്കൽ കോളജുകളും കായികകേന്ദ്രങ്ങളും നിർമിക്കുമെന്നും ബജറ്റിലുണ്ട്. ഇത് കൂടാതെ, ബിഹാറിന് പുറം വായ്പ ലഭിക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമെന്നും നിർമല പ്രഖ്യാപിച്ചു.
ബി.ജെ.പിയോട് പുറം തിരിഞ്ഞുനിന്ന സംസ്ഥാനങ്ങളോട് മാത്രമല്ല, മധ്യപ്രദേശ് പോലെ പാർട്ടിക്ക് സമ്പൂർണ വിജയം സമ്മാനിച്ച സംസ്ഥാനങ്ങളോടും വിവേചനപരമായ നിലപാട് പാർട്ടിക്ക് എടുക്കേണ്ടി വന്നു. ആന്ധ്രപ്രദേശിനും ബിഹാറിനുമൊപ്പം ബജറ്റിൽ കിഴക്കൻ ഇന്ത്യയുടെ ഭാഗമായെണ്ണിയ ഒഡിഷയെയും ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുത്തിയ മോദി സർക്കാറിന് കേരളവും തമിഴ്നാടും കർണാടകയും അടക്കമുള്ള ദക്ഷിണേന്ത്യയോട് മാത്രമല്ല, തങ്ങളെ തുണച്ചിരുന്ന ഹിന്ദി ഹൃദയഭൂമിയോടും നീതി ചെയ്യാനായില്ല. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കും പ്രത്യേകിച്ചൊന്നും നിർമല പ്രഖ്യാപിച്ചില്ല.
ആദായ നികുതിയുടെ പുതിയ സ്കീമിൽ ചേരുന്നവർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത് മധ്യവർഗക്കാരെ ലക്ഷ്യമിട്ടാണ്. ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരിൽ ഊന്നി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടർച്ചയാണ് തെരഞ്ഞെടുപ്പിനു ശേഷമുള്ള ഈ ബജറ്റെന്ന് പ്രസംഗത്തിന്റെ തുടക്കത്തിൽ നിർമല അവകാശപ്പെട്ടുവെങ്കിലും ഈ നാല് വിഭാഗങ്ങൾക്കായുള്ള മൂർത്തമായ പദ്ധതികളൊന്നുമില്ല. ദാരിദ്ര്യ നിർമാർജനത്തിന് പുതിയ പദ്ധതി പ്രഖ്യാപനമില്ല. തൊട്ടുതലേന്ന് പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ സാമ്പത്തിക അസമത്വം വിപാടനം ചെയ്യാനുള്ള പരിപാടികളും ഉൾപ്പെടുത്തിയിട്ടില്ല.
വിലക്കയറ്റം പിടിച്ചുനിർത്താനാകുമെന്ന് പറയുന്ന ധനമന്ത്രി അതിനായി പ്രത്യേക കർമപരിപാടികൾ ആവിഷ്കരിച്ചതായി പറയുന്നില്ല. കാർഷിക മേഖലയിൽ ഗവേഷണത്തിനും അടിസ്ഥാന ഡിജിറ്റൽ സൗകര്യവികസനത്തിനും നടപടികൾ പ്രഖ്യാപിച്ചുവെങ്കിലും ചുരുങ്ങിയ താങ്ങുവിലക്ക് നിയമ പ്രാബല്യം നൽകാനുള്ള കർഷകരുടെ വിലാപത്തിന് അറുതിവരുത്താൻ ബജറ്റിനായില്ല. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടിയതാണ്. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കാൻ ഇത് കാരണമായെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ, തൊഴിലുമായി ബന്ധപ്പെട്ട് ധനമന്ത്രി നടത്തിയ പ്രഖ്യാപനവും ഒരു തരത്തിലുള്ള ഒഴിഞ്ഞുമാറ്റമാണ്.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്വകാര്യമേഖലക്ക് ഇൻസെന്റിവ് പ്രഖ്യാപിച്ച ബജറ്റ് ഒരു തൊഴിൽ ദാതാവെന്ന നിലയിൽ നിന്നും കേന്ദ്ര സർക്കാറിന്റെ പിന്മാറ്റം കൂടി വ്യക്തമാക്കുകയാണ്. സംഘടിത തൊഴിൽ മേഖലയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം നൽകാമെന്നുപറഞ്ഞ് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് സർക്കാർ ചെയ്തത്. അതേ സമയം, റെയിൽവേ അടക്കമുള്ള മേഖലകളിൽ പതിനായിരക്കണക്കിന് തസ്തികകൾ നികത്തപ്പെടാതെ കിടക്കുന്നതിനെ കുറിച്ച് ബജറ്റ് മൗനം പാലിച്ചു.
500 കമ്പനികളിലായി ഒരു കോടി വിദ്യാർഥികൾക്ക് 5000 രൂപ വീതം സ്റ്റൈപ്പൻഡ് കിട്ടുന്ന ഇന്റേൺഷിപ് പ്രഖ്യാപനവും തൊഴിലന്വേഷണം പൂർണമായും സ്വകാര്യ മേഖലയിലേക്ക് തിരിച്ചുവിടുന്നതാണ്. കോർപറേറ്റുകളെ മാത്രം കനിഞ്ഞിരുന്ന മോദി സർക്കാർ തൊഴിലില്ലായ്മക്ക് പരിഹാരം കാണാൻ നാമമാത്ര-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.
സ്വകാര്യ മേഖലയിൽ തൊഴിൽ സൃഷ്ടിക്കാൻ മൂന്ന് പദ്ധതികൾ
നവാഗതർക്ക്: സംഘടിത മേഖലയിൽ ആദ്യമായി തൊഴിലിൽ പ്രവേശിക്കുന്ന എല്ലാവർക്കും ഇ.പി.എഫ്.ഒയിൽ രജിസ്റ്റർ ചെയ്തത് പ്രകാരം 15,000 രൂപ വരെ മൂന്നുതവണകളായി നൽകും. ഒരു ലക്ഷം രൂപ വരെ ശമ്പളമാണ് പരിധി. 2.1 കോടി പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിർമാണമേഖലയിലെ പുതിയ തൊഴിലവസരങ്ങൾക്ക്: പി.എഫ് വിഹിതത്തിന് അനുസൃതമായ ഇൻസെന്റിവ് തൊഴിലാളിക്കും തൊഴിലുടമക്കും നാലുവർഷം വരെ നൽകും. 30 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷ. തൊഴിൽദാതാവിന്: എല്ലാ മേഖലയിലും ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള പുതിയ തൊഴിലവസരം സൃഷ്ടിക്കുന്ന തൊഴിലുടമക്ക് 3000 രൂപ വരെ അവരുടെ പി.എഫ് വിഹിതമായി രണ്ടുവർഷത്തേക്ക് നൽകും. ഇതുവഴി 50 ലക്ഷം അധിക തൊഴിലവസരങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ.