കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമാൻ ഇറക്കുമതി തീരുവയിൽ ഇളവ് വരുത്തിയതോടെ സ്വർണവില കുത്തനെ താഴോട്ടാണ്. റെക്കോഡുകൾ ഭേദിച്ച് കുതിച്ചിരുന്ന സ്വർണവിലയിൽ കഴിഞ്ഞ ഏതാനം ദിവസങ്ങളായി വൻ കുറവാണ് രേഖപ്പെടുത്തുന്നത്. ഇനിയും വില കുറയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ, ബജറ്റിളവിന്റെ ആനുകൂല്യം നിലവിൽ പൂർണമായും സ്വർണവിലയിൽ പ്രതിഫലിച്ചുവെന്നാണ് സ്വർണവ്യാപാര മേഖലയിൽ നിന്നുള്ളവർ പ്രതികരിക്കുന്നത്.
സ്വർണവില ഇന്ന് ഗ്രാമിന് 6300 ൽ എത്തിയതോടെ പൂർണ്ണമായും ഡ്യൂട്ടിയിളവ് പ്രതിഫലിച്ചുവെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. ബജറ്റ് ദിവസം 6745 ആയിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. പവൻ വില 53960 രൂപയായുമായിരുന്നു.
445 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഡ്യൂട്ടി ഇളവുമായി ബന്ധപ്പെട്ട വില വ്യത്യാസം വന്നത്, പവന് 3560 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില പവന് 50400 രൂപയിലേക്ക് താഴ്ന്നു. ഈ ദിവസങ്ങളിൽ അന്താരാഷ്ട്ര സ്വർണ്ണവില 50 ഡോളറോളം കുറഞ്ഞിട്ടുമുണ്ടായിരുന്നു.
അതേസമയം, ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായി 83.72ലേക്ക് കൂപ്പുകുത്തി. അന്താരാഷ്ട്ര സ്വർണവില കഴിഞ്ഞ ആറുമാസത്തിനിടെ 1800 ഡോളറിൽ നിന്നും 38 ശതമാനം വർദ്ധിച്ച് 2483 ഡോളറിലേക്ക് എത്തിയിരുന്നു. എന്നാൽ ഉയർന്ന അന്താരാഷ്ട്ര വിലയിൽ നിന്നും നാല് ശതമാനത്തോളം കുറഞ്ഞു 2373 ഡോളറിലാണ് ഇപ്പോൾ. പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളും, സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള സാധ്യതയും സ്വർണ്ണത്തിൻറെ വില വർധിക്കുന്നതിനുള്ള കാരണണമായി .എന്നാൽ ഇപ്പോൾ ചൈനീസ് ഡിമാൻഡ് കുറഞ്ഞതും, ഇന്ത്യയിലെ ഇറക്കുമതി ചുങ്കത്തിൽ വന്ന വ്യത്യാസവും അന്താരാഷ്ട്ര സ്വർണ്ണവില ഇനിയും കുറഞ്ഞേക്കാം എന്നുള്ള സൂചനകളും വരുന്നുണ്ട്.