പരവൂർ: കിടപ്പുരോഗിയായ പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. പൂതക്കുളം പുന്നേക്കുളം വലിയ വിള വീട്ടിൽ ശരത്തിനെയാണ് (35) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപാനിയായ പ്രതി വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവാണത്രെ.
കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ ശരത് വീട്ടിൽ അക്രമാസക്തനാകുകയും പക്ഷാഘാത ബാധിതനായി നാലുവർഷത്തിലധികമായി കിടപ്പിലായിരുന്ന ഇയാളുടെ പിതാവ് ശശിയെ (67) മർദിക്കുകയും നിലത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. വീഴ്ചയിൽ ശശിയുടെ തലപൊട്ടി. തുടർന്ന് ബന്ധുക്കൾ ഇയാളെ പാരിപ്പളളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞെങ്കിലും കൊണ്ടുപോകാതെ തിരികെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ശശി മരണപ്പെടുകയായിരുന്നു. കട്ടിലിൽ നിന്നും വീണ് മുറിവേറ്റതാണെന്നാണ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മർദനമേറ്റതായി കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ശശിയുടെ ഭാര്യ ശാന്ത. ഇളയ മകൻ ശാന്തനു.