തിരുവനന്തപുരം: വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കാമ്പസ് വ്യവസായ ഗവേഷണ പാർക്ക് പദ്ധതി എൻജിനീയറിങ് കോളജുകളിൽ ആരംഭിക്കുമെന്ന് സാങ്കേതിക സർവകലാശാല (കെ.ടി.യു) ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 10 കോടി രൂപ നീക്കിവെച്ചു.
അക്കാദമിക-വ്യവസായിക ബന്ധം ശക്തിപ്പെടുത്തുക, വിദ്യാർഥികളിൽ സംരംഭകത്വ താൽപര്യം വളർത്തുക, നൈപുണ്യവത്കരണത്തിലൂടെ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ സർവകലാശാലയും വ്യവസായമേഖലയും ചേർന്ന് കുറഞ്ഞത് അഞ്ച് സംരംഭങ്ങൾ സൃഷ്ടിക്കും.
നാല് പി.ജി പഠന വകുപ്പുകൾ ഈ വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിവിധ അക്കാദമിക പ്രവർത്തനങ്ങൾക്കായി സർവകലാശാല ചെയർ സ്ഥാപിക്കും. 1.4 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. അക്കാദമിക പ്രഭാഷണങ്ങൾ, ഗവേഷണം, പൊതുപ്രഭാഷണങ്ങൾ, സെമിനാറുകൾ, സിംപോസിയങ്ങൾ എന്നിവയിൽ ചെയർ പങ്കാളിയാകും.
പരീക്ഷ ചോദ്യപേപ്പർ തയാറാക്കാൻ ഓട്ടോമാറ്റിക് സംവിധാനം
സാങ്കേതിക സർവകലാശാലയിൽ പരീക്ഷ ചോദ്യപേപ്പറുകൾ ഓട്ടോമാറ്റിക് ആയി രൂപപ്പെടുത്തുന്ന ചോദ്യബാങ്ക് സംവിധാനം നടപ്പാക്കും. ഇതിനായി ബജറ്റിൽ രണ്ടു കോടി രൂപ വകയിരുത്തി. ഓരോ വിഷയത്തിനും വ്യത്യസ്ത നിലവാരത്തിൽ ഓട്ടോമാറ്റിക്കായി ചോദ്യങ്ങൾ രൂപപ്പെടുത്തുന്നതായിരിക്കും സംവിധാനം. അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകർക്കും പുറത്തുനിന്നുള്ള വിദഗ്ധർക്കും ബാങ്കിലേക്ക് ചോദ്യങ്ങൾ നൽകാം.
വിദഗ്ധ പരിശോധനക്കുശേഷം ചോദ്യങ്ങൾ ശേഖരത്തിൽ ഉൾപ്പെടുത്തും. പരീക്ഷാസമയങ്ങളിൽ ഇതിൽനിന്ന് ഓട്ടോമാറ്റിക് ആയി ചോദ്യപേപ്പർ തയാറാക്കുന്ന രീതിയാണ് വികസിപ്പിക്കുക. ഇതുവഴി ചോദ്യങ്ങളുടെ അക്കാദമിക നിലവാരം ഉറപ്പാക്കാനും ചോദ്യപേപ്പർ തയാറാക്കുന്നതിലെ മനുഷ്യ ഇടപെടൽ ഒഴിവാക്കാനും കഴിയും. ചോദ്യപേപ്പർ തയാറാക്കുന്നതും അവ പരീക്ഷ കേന്ദ്രങ്ങളിലേക്ക് കൈമാറുന്നതും സോഫ്റ്റ്വെയർ അധിഷ്ഠിതമായായിരിക്കും.