വയനാട്: കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. വയനാട് കല്ലൂരിൽ മന്ത്രി ഒ ആർ കേളുവിനെ നാട്ടുകാർ വഴിയിൽ തടഞ്ഞു. തുടർന്ന് റോഡ് ഉപരോധിച്ചു. കഴിഞ്ഞ ഞായറാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ രാജു എന്ന യുവാവ് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മരിച്ചു.
വയലിൽ ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്ത് വെച്ചാണ് കാട്ടാന ആക്രമിച്ചത്. സമാനമായ ഒട്ടേറെ സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. രാജുവിന്റെ സഹോദരൻ ബാബുവിനും മുൻപ് കാട്ടാന ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് ഗുരുതരമായി പരിക്കേറ്റ ബാബു ഇന്നും നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ആ ദുരന്തം വിട്ടുമാറുന്നതിനു മുൻപാണ് സഹോദരൻ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത്. നാട്ടുകാരുടെ സമാധാനപൂർണമായ ജീവിതത്തിന് വിലങ്ങു തടിയാകുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം.