മുംബൈ: വായനക്കാരനായ മോഷ്ടാവിന് ഇഷ്ട കവിയുടെ വീടെങ്ങനെ കൊള്ളയടിക്കാനാവും? അതും തൊഴിലാളികളുടെ വിഷയങ്ങളിൽ കവിത എഴുതുന്ന ഒരാളുടേതാകുമ്പോൾ. 2010ൽ അന്തരിച്ച പ്രശസ്ത മറാത്തി കവി നാരായൺ സുർവേയുടെ റായ്ഗഡിലെ നെരാളിലുള്ള വീട്ടിലാണ് മോഷണം നടന്നത്. കവിയുടെ മകളും ഭർത്താവും അവരുടെ മകന്റെ വീട്ടിൽ പോയ തക്കംനോക്കിയായിരുന്നു മോഷണം.
ആദ്യദിവസം എൽ.ഇ.ഡി ടി.വി അടക്കമുള്ളവ മോഷ്ടിച്ചു. രണ്ടാം ദിവസം വീട്ടിലുള്ള ബാക്കി കൂടി മോഷ്ടിക്കാനെത്തിയപ്പോഴാണ് താൻ മോഷണത്തിനിറങ്ങിയ വീട് ആരുടേതെന്ന് കള്ളൻ തിരിച്ചറിയുന്നത്. നാരായൺ സുറുവേയുടെ ഫോട്ടോയും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളും ആ മുറിയിൽ കള്ളൻ കണ്ടു. അതോടെ സങ്കടമായി.
പിന്നീട്, മാപ്പപേക്ഷ കുറിപ്പ് ചുവരിൽ ഒട്ടിച്ചുവെച്ച് മോഷണ വസ്തുക്കൾ തിരികെ കൊണ്ടുവെച്ചു. കവിയുടെ മകളും ഭർത്താവും തിരിച്ചെത്തിയപ്പോഴാണ് ചുവരിൽ കള്ളന്റെ കുറിപ്പ് കാണുന്നത്. അവർ പൊലീസിൽ വിവരമറിയിച്ചു. കള്ളനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.