കുവൈത്ത് സിറ്റി: ജപ്പാനിൽ നടന്ന കരാട്ടെ ഡ്രീം ഫെസ്റ്റിവൽ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച നേട്ടം. ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ഷിൻക്യോകുഷിൻ ടീം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. അബ്ദുൽ വഹാബ് അൽ സാലിഹ് ഒന്നാം സ്ഥാനവും ഇയാദ് അൽ സലേഹ് രണ്ടാം സ്ഥാനവും നേടിയാണ് രാജ്യത്തിന്റെ അഭിമാനമായത്.
കുവൈത്തിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിൽ അഭിമാനമുണ്ടെന്നും ടൂർണമെന്റിൽ പങ്കെടുക്കുന്നത് തന്റെ സ്വപ്നമായിരുന്നെന്നും അബുൽ വഹാബ് അൽ സാലിഹ് പറഞ്ഞു.വിജയികളുടെ പ്രകടനത്തെയും അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചതിലും കുവൈത്ത് ഷിൻക്യോകുഷിൻ ബ്രാഞ്ച് ചീഫ് സെൻസെ അബ്ദുല്ല അൽ ബൻവാൻ അഭിനന്ദിച്ചു. ടോക്യോയിൽ ജൂലൈ 20 മുതൽ 21 വരെയാണ് ചാമ്പ്യൻഷിപ് നടന്നത്.