മത്ര: കനത്ത ചൂടും കൂടാതെ ജനങ്ങളുടെ കൈയില്‍ കാശുമില്ലാതായതോടെ മാര്‍ക്കറ്റുകളിലെ മാന്ദ്യം രണ്ടാം മാസത്തിലേക്ക്. സാധാരണ ബലി പെരുന്നാള്‍ കഴിഞ്ഞാല്‍ കുറഞ്ഞ ദിവസങ്ങള്‍ വിപണിയിൽ മാന്ദ്യം പതിവാണ്. തൊട്ടടുത്ത ശമ്പള ദിനം അടുക്കുന്നതോടെ സൂഖുകള്‍ ആലസ്യം വെടിഞ്ഞ് സജീവമാകാറുണ്ട്. ഇത്തവണ ശമ്പളമില്ലാത്ത അര്‍ധ മാസത്തില്‍ പെരുന്നാൾ വന്നണഞ്ഞതിനാല് പെരുന്നാള്‍ സീസണിൽ കാര്യമായ കച്ചവടം നടന്നില്ല. അവസാന സമയം വരെ ശമ്പളം പ്രതിക്ഷയില്‍ കാത്തിരുന്നവര്‍ നിരാശയിലായതാണ് വിപണിയെ ബാധിച്ചത്.
പെരുന്നാള്‍ കഴിഞ്ഞ് മാസമൊന്ന് പിന്നിട്ടിട്ടും മത്രയടക്കമുള്ള സൂഖുകൾ നിര്‍ജീവമായി തന്നെ തുടരുകയാണ്. വാടക, ശമ്പളം, വൈദ്യുതി ബില്ലുകള്‍, മെസ് തുടങ്ങിയ കച്ചവടക്കാരുടെ ബഹുമുഖ ആവശ്യങ്ങളൊക്കെ നിവര്ത്തിക്കാനാകാതെ താളം തെറ്റിക്കിടക്കുകയാണ്.
ഒരു സീസണ് നഷ്ടമായാല്‍ അതിന്റെ ക്ഷീണവും നഷ്ടവും നികത്താനാകാതെ പ്രയാസം നേരിടുന്ന അവസ്ഥയിലാണ് വ്യാപാരികളും തൊഴിലാളികളും. ഇനി ജൂലൈ അവസാനത്തില്‍ വരുന്ന ശമ്പളത്തിലും വരാന്‍ പോകുന്ന സ്കൂൾ സീസണിലും പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് കച്ചവടക്കാര്‍.