തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ചെങ്ങളായിയിൽ സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ നിധിശേഖരത്തിന് 200 വർഷത്തോളം പഴക്കം. കണ്ടെടുത്ത നാണയങ്ങൾ 1826ന് ശേഷമുള്ളതാണെന്ന് പുരാവസ്തു ഗവേഷക സംഘം പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
വീരരായൻ പണം എന്നറിയപ്പെടുന്ന സാമൂതിരിയുടെ വെള്ളി നാണയം, കണ്ണൂർ പണം, അഞ്ച് തെങ്ങ് പണം എന്നറിയപ്പെടുന്ന ആലി രാജ കോയിൻ, പുതുച്ചേരി കോയിൻ എന്നറിയപ്പെടുന്ന ഇന്തോ ഫ്രഞ്ച് നാണയം എന്നിവയും കണ്ടെത്തി. ഇവയിൽ 1826ലെ ആലിരാജ നാണയത്തിന്റെ അടിസ്ഥാനത്തിൽ 198 വർഷം മുമ്പ് 1826 കാലഘട്ടത്തിലോ അതിനു ശേഷമോ ചെമ്പുപാത്രത്തിൽ അടച്ച് മണ്ണിൽ നിക്ഷേപിച്ചതാകാം ലഭിച്ച നിധി ശേഖരമെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ കെ. കൃഷ്ണരാജ് പറഞ്ഞു.
പഴയ കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന കാശുമാല, മുത്തുമണികൾ, കമ്മൽ, ജിമിക്കി, നാണയങ്ങൾ എന്നിവ ചെമ്പുപാത്രത്തിൽ അടച്ച നിലയിലായിരുന്നു. കാശുമാലയാണ് ഇവയിൽ പ്രധാനപ്പെട്ടത്. വെനീഷ്യൻ ഡ്യൂക്കെറ്റ് എന്ന നാണയങ്ങൾ കൊണ്ട് നിർമിച്ച 13 കാശുമാലകൾ ഉണ്ട്.
1959 നും 62നുമിടയിൽ വെനീസിലുള്ള മൂന്ന് പ്രധാന ഡ്യൂക്കുകളുടെ (പ്രധാനികൾ) പേരിൽ നിർമിച്ചവയാണ് ഈ നാണയങ്ങൾ. കാശുമാലയാക്കാത്ത നാല് നാണയങ്ങളും കണ്ടെത്തി. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായിയിൽ പി.പി. താജുദ്ദീന്റെ റബർ തോട്ടത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം നിധിശേഖരം കണ്ടെത്തിയത്.
തളിപ്പറമ്പ് സബ് ട്രഷറിയിൽ സൂക്ഷിച്ച നിധിശേഖരം കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫിസർ ഇൻ ചാർജ് കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയത്. പുരാവസ്തു വകുപ്പ് ഡയറക്ടർക്ക് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിധിശേഖരം എങ്ങനെ അവിടെ എത്തി എന്ന കാര്യം പരിശോധിക്കുക. ജില്ലയിൽ നേരത്തേ തളിപ്പറമ്പ് പരിയാരത്ത് റോമൻ വെള്ളി നാണയങ്ങൾ ലഭിച്ചിരുന്നു. ഇവ കണ്ടെത്തിയ സ്ഥലമുടമക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഇപ്പോൾ ലഭിച്ചവയുടെ മൂല്യം കണക്കാക്കിയ ശേഷം മാത്രമേ നഷ്ടപരിഹാരത്തിനെ കുറിച്ച് സർക്കാർ തീരുമാനമുണ്ടാകുകയുള്ളൂ.
ബുധനാഴ്ച രാവിലെ എത്തിയ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തളിപ്പറമ്പ് ആർ.ഡി.ഒ ടി.എം. അജയകുമാറിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. പുരാവസ്തു ഗവേഷക സംഘത്തിൽ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഗൈഡ് വി.എ. വിമൽകുമാർ, സെക്യൂരിറ്റി പൊലീസ് ടി.എം. രാജീവൻ എന്നിവരുമുണ്ടായിരുന്നു.