ദുബൈ: ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ ഒളിമ്പിക്സ് സുരക്ഷരംഗത്ത് സജീവമായി യു.എ.ഇയിൽനിന്നുള്ള പൊലീസ് സംഘം. ഒളിമ്പിക്സ് തുടങ്ങുന്നതിന് മുന്നോടിയായി നഗരത്തിലെ തെരുവുകളും സ്റ്റേഡിയങ്ങളും യു.എ.ഇയിൽനിന്നുള്ള സേനാംഗങ്ങളും കെ9 ഡോഗ് യൂനിറ്റും അടങ്ങുന്ന സംഘം പരിശോധന നടത്തി.
പാരിസ് ഒളിമ്പിക്സ് സുരക്ഷ നിർവഹിക്കുന്ന ഇമാറാത്തി പൊലീസ് സംഘത്തിന്റെ ദൃശ്യങ്ങൾ ആഭ്യന്തരമന്ത്രാലയം എക്സിൽ പങ്കുവെച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങൾ, റോഡുകൾ, ടീം ലൊക്കേഷനുകൾ, ജനങ്ങൾ തിങ്ങിക്കൂടുന്ന ഇടങ്ങൾ തുടങ്ങിയിടത്തെല്ലാം സുരക്ഷക്കായി ഫ്രഞ്ച് പൊലീസിനെ സഹായിക്കാൻ യു.എ.ഇ സംഘവും വരുംദിവസങ്ങളിലും കൂടെയുണ്ടാവും.
ഇമാറാത്തി പൊലീസ് ഡോഗ് യൂനിറ്റുകളും സുരക്ഷ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഫ്രാൻസിന്റെ ക്ഷണം സ്വീകരിച്ചാണ് യു.എ.ഇ പൊലീസ് സേനാംഗങ്ങൾ ഒളിമ്പിക്സിന്റെ സുരക്ഷ ചുമതല വഹിക്കുന്നത്. രാജ്യത്തെ വിവിധ എമിറേറ്റുകളിലെ പൊലീസ് വകുപ്പുകളിൽനിന്നുള്ള ഏറ്റവും മികച്ച പരിശീലനം നേടിയവരാണ് ലോക കായിക മാമാങ്കത്തിന്റെ സുരക്ഷക്ക് നിയോഗിതരായത്.
ഇവരുടെ ഫീൽഡ് പരിശീലനവും ഭാഷാ പഠനവും അടക്കമുള്ള കാര്യങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. വിവിധ സുരക്ഷാ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നതിനും പ്രഥമശുശ്രൂഷ നൽകുന്നതിനും പൊതുജനങ്ങളുമായുള്ള സംയോജനവും ആശയവിനിമയവും മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രത്യേക പരിശീലനമാണ് നൽകിയത്.