പാരിസ്
ഈഫൽ ഗോപുരം സാക്ഷി. സെൻ നദിയുടെ ഹൃദയത്തിലൂടെ ഒഴുകിയെത്തിയ അത്ലീറ്റുകൾ ഒറ്റ മനസ്സോടെ സംഗമിച്ചപ്പോൾ പാരിസിൽ ദീപം തെളിഞ്ഞു. അതിന്റെ പ്രകാശം ലോകമാകെ പരന്നു. നൂറ്റാണ്ടിനുശേഷം വിപ്ലവമണ്ണിലെത്തിയ ഒളിമ്പിക്സിന് സ്വാഗതം. ഇനി 16 ദിവസം കണ്ണും കാതും ‘വെളിച്ചത്തിന്റെ നഗരത്തിലേക്ക്’ തുറന്നുവയ്ക്കാം.
പാരിസ് ഇനി കളിയുടെ മാത്രമല്ല വിശ്വസാഹോദര്യത്തിന്റെയും കളിത്തട്ടായി മാറും. സമത്വവും സ്വാതന്ത്ര്യവും വാഴ്ത്തിപ്പാടിയ ജനത കൂടുതൽ വേഗത്തിലും ദൂരത്തിലും ഉയരത്തിലും ചുവടുവയ്ക്കാൻ ആഹ്വാനം ചെയ്യും. ലോകത്തിലെ ചെറുതും വലുതുമായ രാജ്യങ്ങളുടെ കൊടിക്കീഴിൽ അണിനിരന്ന പതിനൊന്നായിരത്തോളം അത്ലീറ്റുകൾക്ക് അതൊരു വിജയമന്ത്രമാകും. 35 വേദികളിലായി 32 കായിക ഇനങ്ങളിൽ 329 സ്വർണമെഡലുകൾക്കായി പോരാട്ടം മുറുകും. പാരിസ് അങ്ങനെ ഒരിക്കൽക്കൂടി പോരാട്ടഭൂമിയായി മാറും. കനത്ത സുരക്ഷാവലയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ഫ്രാൻസിൽ റെയിൽ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമം നടന്നതിനാൽ സുരക്ഷ കൂട്ടി. ഇന്ത്യൻ സമയം രാത്രി 11ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങുകൾ നാല് മണിക്കൂറോളം നീണ്ടു. സെൻ നദിയിലൂടെയുള്ള അത്ലീറ്റുകളുടെ മാർച്ച്പാസ്റ്റായിരുന്നു മുഖ്യ ആകർഷണം. ഏകദേശം 7000 അത്ലീറ്റുകൾ 94 ബോട്ടുകളിൽ ആറ് കിലോമീറ്റർ നദിയിലൂടെ സഞ്ചരിച്ചു. ചരിത്രത്തിലാദ്യമായാണ് ഉദ്ഘാടനച്ചടങ്ങുകൾ സ്റ്റേഡിയത്തിന് പുറത്തുനടന്നത്. ഇന്ത്യക്കായി ബാഡ്മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലും പതാകയേന്തി. 117 അത്ലീറ്റുകളാണ് അണിനിരന്നത്.
ഓസ്റ്റർ ലിറ്റ്സ് പാലത്തിനടുത്തുനിന്ന് തുടങ്ങിയ ‘ബോട്ട്മാർച്ച്’ ഈഫൽ ഗോപുരത്തിന് അഭിമുഖമായുള്ള തുറന്നവേദിയായ ദ്രൊക്കാഡെറൊ ഉദ്യാനത്തിൽ അവസാനിച്ചു. തുടർന്ന് ഫ്രഞ്ച് കലയും സംസ്കാരവും പ്രതിഫലിപ്പിച്ച ദൃശ്യമേള. പോപ് ഗായകരായ സെലിൻ ഡിയോണും ലേഡി ഗാഗയും ആരാധകരെ ത്രസിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 33–-ാം ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
മലയാളി താരങ്ങൾക്കും കോച്ചിനും
അഞ്ച് ലക്ഷം വീതം
പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിലെ അഞ്ച് മലയാളി താരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് പി രാധാകൃഷ്ണൻ നായർക്കും സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നൽകും. വെെ മുഹമ്മദ് അനസ്, വി മുഹമ്മദ് അജ്മൽ (റിലേ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പി ആർ ശ്രീജേഷ് (ഹോക്കി), എച്ച് എസ് പ്രണോയ് (ബാഡ്മിന്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചതെന്ന് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ഒളിമ്പിക്സിനുള്ള ഒരുക്കങ്ങൾക്കാണ് തുക. ഇന്ത്യൻ ടീമിന് മന്ത്രി വിജയാശംസകൾ നേർന്നു.