ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച, കാവടി യാത്ര, റെയിൽവേ സുരക്ഷ ഉൾപ്പെടെ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ തയാറെടുപ്പിനെക്കുറിച്ച് ലോക്സഭയിൽ തിങ്കളാഴ്ച ഉച്ചക്കുശേഷം പ്രത്യേക ചർച്ച. അജണ്ടയിലില്ലാതിരുന്ന വിഷയം ചട്ടം 193 പ്രകാരം ഉൾപ്പെടുത്തിയാണ് പ്രത്യേക ചർച്ച നടത്തിയത്.
ഒളിമ്പിക്സിനായി ടീമുകൾ രാജ്യം വിട്ടപ്പോൾ ഇത്തരമൊരു വിഷയത്തിന്റെ പ്രസക്തി എന്താണെന്ന് ചർച്ചയിൽ സംസാരിച്ച എൻ.കെ. പ്രേമചന്ദ്രൻ ചോദിച്ചു. അപ്രധാനവും അപ്രസക്തവുമായ വിഷയമാണ് ചർച്ചക്കെടുത്തത്. ഒളിമ്പിക്സ് ഒരുക്കം തുടങ്ങുന്നതിന് മുമ്പാണ് ചർച്ച നടക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ദേശീയ വനിത ഗുസ്തി താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വിഷയം ചൂണ്ടിക്കാട്ടി ചർച്ചയിൽ പങ്കെടുത്ത ഹരിയാനയിൽനിന്നുള്ള കോൺഗ്രസ് എം.പി ദീപേന്ദർ ഹൂഡ കേന്ദ്രത്തെ കടന്നാക്രമിച്ചു.
നമ്മുടെ കളിക്കാർക്ക് വ്യവസ്ഥിതിയോടും സ്വന്തം സർക്കാറിനോടും പോരാടേണ്ട സ്ഥിതിയാണുള്ളതെന്ന് ഹൂഡ പറഞ്ഞു. രാജ്യത്തിനായി മെഡലുകൾ നേടിയ കുട്ടികൾ സ്വന്തം നാട്ടിൽ നീതിക്കായി തെരുവിലിറങ്ങുകയും പോരാടുകയും ചെയ്യേണ്ടത് ലജ്ജാകരമാണെന്ന് ആർ.ജെ.ഡി എം.പി അഭയ് സിൻഹ കുറ്റപ്പെടുത്തി.