തിരുവനന്തപുരം: ഒരു മതവിഭാഗം ഒഴികെ എല്ലാവരും അഡ്ജസ്റ്റ് ചെയ്ത് താമരയിൽ കുത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. താമരയോടുള്ള അലർജി കേരളത്തിൽ മാറിയെന്നതാണ് ഈ തെരഞ്ഞെടുപ്പിൽ നമ്മളെ ഭയപ്പെടുത്തുന്ന കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്യനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഠന ശിബിരത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ തെരഞ്ഞെടുപ്പിൽ ഈ കളി പോരാ എന്ന് മനസിലാക്കിയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് പോലും മുന്നോട്ടു നീങ്ങുന്നത്. രാജീവ് ചന്ദ്രശേഖരൻ നേരത്തെ രംഗത്ത് ഇറങ്ങിയിരുന്നെങ്കിൽ സ്ഥിതി മാറുമായിരുന്നു. സുരേഷ് ഗോപി ജയിച്ചത് സിനിമാക്കാരനായത് കൊണ്ടല്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ കാലുവാരിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. എന്തു കൊണ്ട് തോറ്റുവെന്ന് വസ്തുനിഷ്ഠമായി പഠിച്ചപ്പോൾ തനിക്ക് മനസിലായത് 56,000 വോട്ട് ബി.ജെ.പിക്കാർ ചേർത്തു. 56,000 വോട്ടർമാരെയും അവർ വോട്ട് ചെയ്യിപ്പിച്ചു. സാമുദായികമായുള്ള മറ്റ് പ്രത്യേക സാഹചര്യവും തോൽവിക്ക് കാരണമായി. ഇത്രയും വോട്ട് ചേർത്തിട്ട് അറിഞ്ഞില്ലെന്ന് പറഞ്ഞാൽ ആർക്കാണ് കുറ്റമെന്നും മുരളീധരൻ ചോദിച്ചു.
മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിന് വോട്ട് ചെയ്തവർ തൃശൂരിൽ പ്രത്യേക കാഴ്ചപ്പാട് സ്വീകരിച്ചു. അവരൊക്കെയാണ് മണിപ്പൂരിൽ സഹായിക്കണമെന്നും രക്ഷിക്കണമെന്നും നരേന്ദ്ര മോദിയോട് പറഞ്ഞത്. കാമരാജ് പറഞ്ഞ പോലെ പാക്കലാം എന്ന മറുപടിയാണ് മോദി നൽകിയത്. മോദി മണിപ്പൂരിൽ പോകാനും പോകുന്നില്ല. മണിപ്പൂർ സംഭവത്തിൽ സംസ്ഥാനത്തെ ജനത കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് ലോക്സഭ സീറ്റിലും കോൺഗ്രസ് ജയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.