മസ്കത്ത്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മികച്ച സ്ഥാനം നേടി ഒമാൻ. കഴിഞ്ഞ വർഷത്തെ റാങ്കായ 65ൽനിന്ന് ഏഴ് സ്ഥാനങ്ങൾ ഉയർത്തി 58ാം സ്ഥാനമാണ് സുൽത്താനേറ്റ് സ്വന്തമാക്കിയത്.
ചൊവ്വാഴ്ച പുറത്തിറങ്ങിയ ഹെൻലി പാസ്പോർട്ട് സൂചികയിലാണ് ശ്രദ്ധേയ നേട്ടം വരിച്ചിരിക്കുന്നത്.
ഒമാൻ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 86 ലെത്തിയതോടെയാണ് ആഗോള പട്ടികയിൽ 58 ലെത്തിയത്.കഴിഞ്ഞ വർഷം 82 രാജ്യങ്ങളിലേക്കായിരുന്നു വിസരഹിത യാത്ര നടത്താൻ സാധിച്ചിരുന്നത്.
ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നൽകിയ രേഖകളിൽനിന്നാണ് ഹെൻലി ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ നിർണയിക്കുന്നത്. സിംഗപ്പൂർ പാസ്പോർട്ടാണ് പട്ടികയിൽ ഒന്നാമത്. 195 രാജ്യങ്ങളിലേക്ക് സിംഗപ്പൂർ പാസ്പോർട്ടുമായി വിസ ഫ്രീയായി യാത്രചെ യ്യാനാവും.
192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന പാസ്പോർട്ടുമായി ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്.
ജി.സി.സിയിൽ യു.എ.ഇ ആദ്യമായി ആദ്യ പത്തിൽ ഇടംനേടി. ഒമ്പതാം സ്ഥാനമാണ് യു.എ.ഇ സ്വന്തമാക്കിയിരിക്കുന്നത്. 62ാം സ്ഥാനത്തുനിന്ന് 53 സ്ഥാനം മറികടന്നാണ് യു.എ.ഇ ഒമ്പതാമതെത്തിയത്. യു.എ.ഇയുടെ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ 185 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. മുൻകൂർ വിസയില്ലാതെ പാസ്പോർട്ട് ഉടമകൾക്ക് എത്തിപ്പെടാൻ രാജ്യങ്ങളുടെ എണ്ണം അനുസരിച്ചാണ് ലോകത്തെ എല്ലാ പാസ്പോർട്ടുകളുടെയും പട്ടിക അധികൃതർ തയാറാക്കുന്നത്.