മനാമ: 2024ലെ പാരിസ് ഒളിമ്പിക്സിന് വെള്ളിയാഴ്ച കൊടി ഉയരാനിരിക്കെ മെഡൽ പ്രതീക്ഷയിലാണ് ബഹ്റൈൻ. അത്ലറ്റിക്സ്, ജൂഡോ, നീന്തൽ, ഭാരോദ്വഹനം, ഗുസ്തി എന്നിവയുൾപ്പെടെ അഞ്ച് കായിക ഇനങ്ങളിലായി 14 അത്ലറ്റുകളുടെ ടീമാണ് ബഹ്റൈനെ പ്രതിനിധാനം ചെയ്യുന്നത്. ലോകചാമ്പ്യനായ വിൻഫ്രെഡ് യാവി, കെമി അദെക്കോയ ഉൾപ്പെടെ താരങ്ങളെല്ലാം മികച്ച ഫോമിലാണ് എന്നത് മെഡൽ പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ നടക്കുന്ന ലോക കായിക മാമാങ്കത്തിൽ 200ലധികം രാജ്യങ്ങളിൽനിന്നുള്ള 10,500 കായിക പ്രതിഭകളാണ് മാറ്റുരക്കുന്നത്.
അത്ലറ്റിക്സിൽ എട്ട് കായികതാരങ്ങളും നീന്തൽ, ഭാരോദ്വഹനം, ജൂഡോ, ഗുസ്തി എന്നിവയിൽ ഓരോരുത്തരുമാണ് മാറ്റുരക്കുന്നത്. അത്ലറ്റുകളെല്ലാം രാജ്യാന്തര പരിശീലനം നടത്തി മത്സര പരിചയം ആർജിച്ചുകഴിഞ്ഞു. കഴിഞ്ഞ മൂന്ന് ഒളിമ്പിക് ഗെയിംസിലും ബഹ്റൈൻ മെഡൽ നേടിയിട്ടുണ്ട്. മറിയം യൂസുഫ് ജമാൽ 2012ലെ ലണ്ടനിൽ വനിതകളുടെ 1500 മീറ്ററിൽ രാജ്യത്തിന്റെ ആദ്യ ഒളിമ്പിക് മെഡലും ആദ്യത്തെ ഒളിമ്പിക് സ്വർണവും നേടി.
ഫൈനലിൽ വെങ്കല മെഡലാണ് മറിയം യൂസുഫ് ജമാലിന് ലഭിച്ചതെങ്കിലും മറ്റു ജേതാക്കൾ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെ സ്വർണം ലഭിച്ചു. 2016 റിയോ ഒളിമ്പിക്സിൽ റൂത്ത് ജെബറ്റ് വനിതകളുടെ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ സ്വർണവും യൂനിസ് കിർവ വനിതകളുടെ മാരത്തണിൽ വെള്ളിയും നേടി. 2021 ടോക്യോയിൽ കൽക്കിദാൻ ഗെസാഹെഗ്നെ വനിതകളുടെ 10,000 മീറ്ററിൽ വെള്ളി മെഡൽ നേടിയിരുന്നു. ഇത്തവണ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ മത്സരിക്കുന്ന ലോകചാമ്പ്യൻ കൂടിയായ വിൻഫ്രെഡ് യാവി മികച്ച ഫോമിലാണ്. ലോകമെമ്പാടുമുള്ള മികച്ച ഓട്ടക്കാർക്കൊപ്പം യാവി പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. ബുഡാപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ 8:54.29 എന്ന ഈ വർഷത്തെ മികച്ച സമയം കുറിച്ചാണ് യാവി വിജയിച്ചത്. യാവിയുടെ കരിയറിലെ മികച്ച സമയം കൂടിയാണിത്. കെനിയൻ വംശജയായ വിൻഫ്രെഡ് യാവി ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടിയിരുന്നു. യാവിക്ക് പുറമെ കെമി അദെ കോയ, ബിർഹാനു ബലേവ് എന്നിവരും ഇരട്ട സ്വർണം നേടിയിരുന്നു.
രണ്ടാഴ്ച മുമ്പ് ഹംഗറിയിലെ സെക്സ്ഫെഹെർവാറിൽ നടന്ന ഗ്യൂലായ് ഇസ്ത്വാൻ മെമ്മോറിയൽ മീറ്റിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അദെകോയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഈയിനത്തിൽ 31കാരിയായ അദെകോയ സ്വർണ പ്രതീക്ഷ നിലനിർത്തുകയാണ്. ഒഫീഷ്യലുകളും സ്റ്റാഫും കായികതാരങ്ങളും ഉൾപ്പെടെ 25 അംഗ സംഘം പാരിസിലെത്തിയിട്ടുണ്ട്.
ബഹ്റൈൻ അത്ലറ്റുകൾക്ക് മികച്ച ഫലങ്ങൾ നേടാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബി.ഒ.സി സെക്രട്ടറി ജനറൽ ഫാരിസ് അൽ കൂഹേജി പറഞ്ഞു. ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ബി.ഒ.സി ഒളിമ്പിക്സിനായി എല്ലാ തയാറെടുപ്പുകളും നടത്തിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.