മനാമ: അവസാന നിമിഷം വിമാനം റദ്ദാക്കുകയും പ്രവാസി യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുകയും ചെയ്യുന്ന എയർ ഇന്ത്യ എക്സ്പ്രസ് നിലപാടിൽ ആശങ്കകൾ ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ. ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ഇടപെടണമെന്ന് സംഘടന ആവശ്യപ്പെടുന്നു. അവസാന നിമിഷം വിമാനങ്ങൾ റദ്ദാക്കുന്നത് പതിവായത് യാത്രക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. യാത്രക്ക് മറ്റു മാർഗമില്ലാതിരിക്കുകയും വലിയ സാമ്പത്തിക പ്രയാസത്തിനും ഇത് ഇടയാക്കുന്നു.
ഫ്ലൈറ്റ് റദ്ദാക്കലിനെത്തുടർന്ന്, യാത്രക്കാർ അമിതമായ ഉയർന്ന നിരക്കിൽ ഇതര ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ നിർബന്ധിതരാകുന്നു, ഇത് യഥാർഥ ബുക്കിങ് ചെലവുകളേക്കാൾ വളരെ കൂടുതലാണ്. ഫ്ലൈറ്റ് റദ്ദാക്കിയാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതകൾ ഉണ്ടായിട്ടും യാത്രക്കാർക്ക് മതിയായ നഷ്ടപരിഹാരമോ സഹായമോ നൽകുന്നതിൽ മാനേജ്മെന്റ് പരാജയമാണ്. പൂർണമായ റീഫണ്ട്, റീഷെഡ്യൂളിങ് എന്നിവ മാത്രമാണ് നൽകുന്നത്. ഇത് പലപ്പോഴും അപ്രായോഗികവും അപര്യാപ്തവുമാണ്.
ദുരിതബാധിതരായ യാത്രക്കാർക്ക് ന്യായമായ നഷ്ടപരിഹാരവും സഹായവും ഉറപ്പാക്കുന്നതിന് മന്ത്രാലയങ്ങൾ ഇടപെടണം. ഫ്ലൈറ്റ് മാറ്റങ്ങളും റദ്ദാക്കലുകളും സംബന്ധിച്ച് മുൻകൂട്ടിയുള്ള അറിയിപ്പുകൾ നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്. യാത്രക്കാരുടെ പരാതികൾ ഉടനടി പരിഹരിക്കുന്നതിനും എയർലൈനുകൾ നിയമപരമായ ബാധ്യതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പരിഹാര സംവിധാനം വേണമെന്നും പ്രവാസി ലീഗൽ സെൽ ആവശ്യപ്പെടുന്നതായി ഗ്ലോബൽ പി.ആർ.ഒ & ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത് പ്രസ്താവനയിൽ അറിയിച്ചു.