കൊൽക്കത്ത: ആഭ്യന്തര സംഘർഷം രൂക്ഷമായ ബംഗ്ലാദേശിൽനിന്ന് എത്തുന്ന അഭയാർഥികൾക്ക് താമസ സൗകര്യമൊരുക്കി നൽകിയ സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. താൻ രണ്ടു തവണ കേന്ദ്രമന്ത്രി ആയിരുന്നുവെന്നും വിദേശനയത്തെക്കിറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അവർ പറഞ്ഞു. തന്നെ പഠിപ്പിക്കാൻ വരേണ്ടെന്നും വ്യവസ്ഥകൾ കേന്ദ്രമാണ് മനസ്സിലാക്കേണ്ടതെന്നും കൊൽക്കത്തയിൽ നടന്ന പൊതുപരിപാടിയിൽ മമത പറഞ്ഞു.
“ഫെഡറൽ ഘടനയെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയാം. ഏഴ് തവണ എം.പിയും രണ്ട് തവണ കേന്ദ്രമന്ത്രിയും ആയിരുന്ന ആളാണ് ഞാൻ. വിദേശകാര്യ നയത്തേക്കുറിച്ച് മറ്റാരെക്കാളും നന്നായി എനിക്കറിയാം. എന്നെ പഠിപ്പിക്കാൻ അവർ വരേണ്ടതില്ല; വ്യവസ്ഥകൾ മനസ്സിലാക്കേണ്ടത് അവരാണ്. നിസ്സഹായരായ ആളുകൾ ബംഗാളിന്റെ വാതിലിൽ വന്ന് മുട്ടുമ്പോൾ അവരെ ഉറപ്പായും ഞങ്ങൾ സഹായിക്കും” -മമത പറഞ്ഞു.
ബംഗ്ലാദേശിൽ സംഘർഷം നടക്കുന്ന പശ്ചാത്തലത്തിൽ, യു.എൻ പ്രമേയമനുസരിച്ച് അഭയാർഥികൾക്ക് സംരക്ഷണം നൽകണമെന്ന് മമത ചൂണ്ടിക്കാണിച്ചു. അതേസമയം, മമതയുടെ നടപടിയിൽ എതിർപ്പ് ഉന്നയിച്ച് ബംഗ്ലാദേശ് കത്ത് നൽകിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യം കേന്ദ്രസർക്കാറിന്റെ പരിധിയിൽവരുന്ന വിഷയമാണെന്നും സംസ്ഥാനത്തിന് കൈകടത്താനാവില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.