കോഴിക്കോട്: ‘ദൈവത്തിന് സ്തുതി, ചികിത്സിച്ച ഡോക്ടർമാക്കും പരിചരിച്ച നഴ്സുമാർക്കും ഒരുപാട് നന്ദി.. പിന്നെ എനിക്കും പഠിച്ച് ഡോക്ടറാകണം’ -തന്നെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിയ ഡോക്ടർമാരുടെ സേവനമനസ്സ് കണ്ടറിഞ്ഞ് അഫ്നാൻ അതുവരെ മനസ്സിൽ താലോലിച്ച നഴ്സാവുകയെന്ന മോഹവും മാറ്റിയെഴുതി. വിലമതിക്കാനാവാത്ത ജീവനൊപ്പം കൈനിറയെ സമ്മാനങ്ങളുമായി തന്നെ യാത്രയാക്കിയ ഡോക്ടർമാരെ അവന് അത്രകണ്ട് ഇഷ്ടമായിരുന്നു.
22 ദിവസത്തെ ചികിത്സക്കുശേഷം അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസിന്റെ പിടിയിൽനിന്ന് ജീവൻ തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തോടെ അഫ്നാൻ ബാസിം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തൊട്ടടുത്തിരുന്ന പിതാവ് എം.കെ. സിദ്ദീഖിന്റെ മുഖത്തും പുനർജന്മം കിട്ടിയ ആശ്വാസം. ഡോക്ടർമാരുടെ നിതാന്ത ജാഗ്രതയും ഒപ്പം നാടിന്റെ ഒന്നടങ്കമുള്ള പ്രാർഥനയുമാണ് മകനും തങ്ങൾക്കും പുനർജന്മം തന്നതെന്നും അദ്ദേഹം പറഞ്ഞു. അവനുവേണ്ടി നാട് മുഴുവൻ പ്രാർഥനയിലായിരുന്നു. പള്ളികളെന്നോ ക്ഷേത്രങ്ങളെന്നോ വ്യത്യാസമില്ലാതെ അഫ്നാന്റെ ആരോഗ്യത്തോടെയുള്ള മടങ്ങിവരവിനായി പ്രാർഥിച്ചു. സഹോദരമതസ്ഥർ മകന്റെ നാള് ചോദിച്ച് വഴിപാടുകൾവരെ നടത്തിയെന്ന് പറയുമ്പോൾ, നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന സിദ്ദീഖിന്റെ വാക്കുകളിൽ കൃതജ്ഞതയുടെ നിറവ്.
ആ പിതാവിന്റെ അതിജാഗ്രതയാണ് അഫ്നാനെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുന്നതിലും ജീവിതത്തിലേക്ക് വഴിനടത്തുന്നതിലും നിർണായകമായത്. മകന് പനി അനുഭവപ്പെട്ടപ്പോൾ സിദ്ദീഖ് ആദ്യം ഓർത്തത് കുറച്ചുദിവസം മുമ്പ് അവൻ കുളത്തിൽ മുങ്ങിക്കുളിച്ചിരുന്നല്ലോയെന്നായിരുന്നു. തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വന്ന വാർത്തകളായിരുന്നു ഈ ജാഗ്രതയിലേക്ക് അദ്ദേഹത്തെ നയിച്ചത്. ജീവിതത്തിൽ ആദ്യമായി കുട്ടിക്ക് അപസ്മാരം വന്നതോടെ ഭയമായി. വടകര പാർകോ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാരോട് ഇക്കാര്യം സൂചിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടേക്ക് പോകാമെന്ന് അവർ അഭിപ്രായപ്പെട്ടു. പനി പിടിപെട്ടയുടൻ അപസ്മാരം അനുഭവപ്പെട്ടത് മകനെ രക്ഷിക്കാനായിരുന്നുവെന്ന് സിദ്ദീഖ് ഉറച്ചു വിശ്വസിക്കുന്നു. സ്ഥിരീകരിച്ചിട്ടും മകനോടും ഭാര്യയോടും രോഗത്തിന്റെ തീവ്രതയെക്കുറിച്ച് പറഞ്ഞില്ല. കുട്ടി അറിയാതിരിക്കാൻ ഡോക്ടർമാരും പ്രത്യേകം ശ്രദ്ധിച്ചു. അവന് മൊബൈൽ ഫോൺ കൊടുക്കുന്നത് ഡോക്ടർ വിലക്കി. അതിനിടെ തൊട്ടടുത്ത ബെഡിൽ കിടന്ന അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച ഫറോക്ക് സ്വദേശിയായ കുട്ടി മരിച്ചപ്പോൾ ആധിയേറിയെങ്കിലും ഡോ. അബ്ദുൽ റഊഫ് സിദ്ദീഖിനെ സമാധാനിപ്പിച്ചു. പയ്യോളി ജി.വി.എച്ച്.എസ് 10ാം ക്ലാസ് വിദ്യാർഥിയായ അഫ്നാൻ ഏതാനും മാസങ്ങൾക്കുമുമ്പാണ് നീന്തൽ പഠിച്ചത്. ആശുപത്രിയിൽ എത്തുംമുമ്പുവരെ നഴ്സാകണമെന്ന് പറഞ്ഞ മകന് അവനെ ചികിത്സിച്ച ഡോക്ടർമാരെ കണ്ടാണ് ഡോക്ടറാകണമെന്ന മോഹം ഉദിച്ചതെന്ന് മാതാവ് റയ്ഹാനത്ത് പറഞ്ഞു.