മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സിനിമയെക്കുറിച്ചും തന്റെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ആസിഫ്.
”സിനിമ കണ്ടിട്ട് കുട്ടികള്‍ വഴിതെറ്റുന്നു, സ്മോക്കിങ് തുടങ്ങുന്നു ലൈഫ് സ്റ്റൈല്‍ കോപ്പി ചെയ്യുന്നു, ആവേശം കണ്ടിട്ട് ഗുണ്ടകളെല്ലാം കൂടി ബര്‍ത്ത്ഡേ സെലിബ്രേറ്റ് ചെയ്യുന്നു എന്നൊക്കെയാണ് പറയുന്നത്. ശരിക്കും പറഞ്ഞാല്‍ ഇതിനെ മാത്രമേ നമ്മള് ഹൈലൈറ്റ് ചെയ്യുന്നുള്ളൂ എന്നതാണ് സത്യം. ഇതിന്റെ വേറെയൊരു നല്ല വശമുണ്ട്.
സണ്‍ഡേ ഹോളിഡേ എന്ന സിനിമയില്‍ എതിരെ നില്ക്കുന്നവന്റെ ഉള്ളൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ മതിയെന്ന ഒരു ഡയലോഗുണ്ട്. സത്യം പറഞ്ഞാല്‍ ആ ഡയലോഗ് എന്നെ ഇന്‍ഫ്ളുവന്‍സ് ചെയ്തിട്ടുണ്ട്. ഞാന്‍ ആ ഡയലോഗ് കണ്ടപ്പോള്‍ പല കാര്യങ്ങളും ചിന്തിച്ചിട്ടുണ്ട്.
നമ്മളും അങ്ങനെ റിയാക്ട് ചെയ്യുന്ന ആള്‍ക്കാരാണ്. നമ്മള് പുറത്തിറങ്ങുമ്പോള്‍ ഒരു പൊട്ട മൂഡിലാണെങ്കില്‍ നമുക്കരികിലേക്ക് വരുന്ന ആളോട് ഒരു ആവശ്യവുമില്ലാതെ ചിലപ്പോള്‍ തട്ടിക്കയറിയേക്കാം. അത് ആ സമയത്തെ നമ്മുടെ മൂഡാണ്.
അത്തരത്തില്‍ സിനിമയിലുള്ള നല്ല കാര്യങ്ങളും ആളുകളെ ഇന്‍ഫ്ളുവെന്‍സ് ചെയ്യുന്നുണ്ട്. പക്ഷേ അതാരും ശ്രദ്ധിക്കുന്നില്ല, അല്ലെങ്കില്‍ സമ്മതിക്കുന്നില്ല. മോശം മാത്രമാണ് എല്ലാവരും പറയുന്നത്.
ഇതില്‍ എന്റെ സൈഡ് സിനിമയെ സിനിമയായി കാണുക എന്നതാണ്.
നമ്മള് കള്ളനായി അഭിനയിക്കുകയാണെങ്കില്‍ അത് കള്ളനായിരിക്കണം. എന്റെ ഐഡിയോളജി ഇതാണ്. ഞാനൊരു നന്മയുള്ള കള്ളനാകാമെന്ന് പറയാനാകില്ല. ഉയരെയിലെ ഗോവിന്ദ് ചെയ്യുമ്പോള്‍ ഞാന്‍ ഇമേജ് കോണ്‍ഷ്യസായി എനിക്ക് ആസിഡ് ഒഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ പിന്നെ ആ സിനിമയില്ല. അപ്പോള്‍ സിനിമയെ സിനിമയായി കാണുക.
ഉയരെയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ റിലീസ് കഴിഞ്ഞ് സമ തിയേറ്ററില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ഒരു ആന്റി വന്നിട്ട് ആസിഫിനോട് നല്ല സിനിമയാണെന്ന് പറയണമെന്നും പക്ഷേ ഇവന്റെയുള്ളില്‍ ഇതൊക്കെയുണ്ട് അതുകൊണ്ടാണല്ലോ അവന് ഇത് കാണിക്കുന്നതെന്ന് പറഞ്ഞു. അങ്ങനെയും ചിന്തിക്കുന്നവരുണ്ട്…”