അരൂർ : അരൂർ – തുറവൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ അരൂർ ബൈപ്പാസ് ജങ്ഷൻ മുതൽ തുറവൂർ കവല വരെ ദേശീയപാതയോരത്ത് ആയിരങ്ങളെ അണിനിരത്തി മനുഷ്യച്ചങ്ങല സൃഷ്ടിക്കും. അരൂർ – തുറവൂർ ഉയരപ്പാത നിർമാണം മൂലം സഞ്ചാരം വഴിമുട്ടിയതിനെ തുടർന്നാണ് നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജൂലൈ 30ന് വൈകിട്ട് 4 .30 മുതൽ 4.40 വരെ പത്ത് മിനിറ്റ് നേരമാണ് ദേശീയപാതയോരത്ത് പരസ്പരം കൈകോർത്ത് നിന്ന് പ്രതിഷേധിക്കുന്നു. സംഘടിത രൂപമുള്ള രാഷ്ട്രീയ പാർട്ടിയോ ദീർഘകാലത്തെ സാമൂഹ്യപ്രവർത്തന പാരമ്പര്യമുള്ള സംഘടനയോ അല്ല പരിപാടിക്ക് നേതൃത്വം കൊടുക്കുന്നതെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ തേടിയാണ് സമരത്തിനിറങ്ങുന്നത്.
സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെയും സ്വാശ്രയ സംഘങ്ങളെയും കുടുംബശ്രീ യൂനിറ്റുകളെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും പങ്കാളിത്തം ആവശ്യപ്പെട്ട് ജനകീയ സമിതി പ്രവർത്തകർ സംഘടനാ നേതാക്കളെ നേരിൽ കണ്ട് മനുഷ്യച്ചങ്ങലയിൽ കണ്ണികളാകാൻ ക്ഷണം തുടങ്ങി. അഭ്യർത്ഥന നോട്ടീസ്, പോസ്റ്ററുകൾ, ഫ്ലക്സ് ബോർഡുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം എന്നിവ ആരംഭിച്ചിട്ടുണ്ട്.
ദുരിതപ്പെരുമഴയായി ഉയരപ്പാത നിർമാണം
അരൂർ – തുറവൂർ ഉയരപ്പാത നിർമാണം ആരംഭിച്ചിട്ട് ഒരു വർഷത്തിലേറെയായി. ദേശീയപാതയിൽ ഗതാഗത തടസങ്ങളും സ്തംഭനവും തദ്ദേശീയരുടെ സഞ്ചാരം വഴിമുടക്കി. അഗാധ ഗർത്തങ്ങളും വെള്ളക്കെട്ടും നിറഞ്ഞ പാതയിൽ അപകടവും തുടർക്കഥയായി. അപകടങ്ങളിൽ നിരവധി പേർ മരിച്ചു. ആദ്യഘട്ടത്തിൽ കാര്യമായ പ്രതിഷേധങ്ങളില്ലാതെ നാട്ടുകാർ വികസനത്തിന്റെ പേരിൽ എല്ലാം സഹിച്ച് മുന്നോട്ടുപോയെങ്കിലും ദുരിതപ്പെയ്ത്ത് ജനജീവിതം പാടെ സ്തംഭിപ്പിക്കുന്ന അവസ്ഥയിലെത്തിയതോടെ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങി. നാട്ടുകാർ സംഘടിച്ച് ഉയരപ്പാത നിർമാണം തടഞ്ഞു.
കുത്തിയതോട് പൊലീസ് സമരക്കാരുമായി ചർച്ച ചെയ്യാൻ തയാറായി. ഉയരപ്പാത നിർമ്മാണ കരാർ കമ്പനി അധികൃതരെ വിളിപ്പിച്ചു. ചർച്ചയിൽ നാട്ടുകാർക്കുണ്ടാകുന്നദുരിതങ്ങളെ കുറിച്ച് കമ്പനി അധികൃതരെ ബോധ്യപ്പെടുത്തി. അതുവരെ ഉണ്ടായിരുന്ന ധാരണകൾ പലതും പൊളിഞ്ഞത് ആ ചർച്ചയിൽ നിന്നാണ്. ഉയരപ്പാത നിർമാണത്തിന്റെ കരാർ മാത്രമേ കമ്പനിക്കുള്ളൂ എന്നും ദേശീയപാത പുനർ നിർമ്മിക്കുന്നതിനുള്ള കരാർ കമ്പനി ഏറ്റെടുത്തിട്ടില്ലെന്നുമാണ് അതുവരെ നിർമാണ കമ്പനി പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ നാട്ടുകാരുമായുള്ള ചർച്ചയിൽ ജനങ്ങൾ ആവശ്യപ്പെട്ട പല നീക്കുപോക്കുകളും അംഗീകരിക്കാൻ നിർമാണ കമ്പനി സമ്മതിച്ചു. തുടർന്ന് അരൂരിൽ ജനകീയ സമിതിയുടെ യോഗം ചേർന്നു.
ചന്തിരൂർ കേന്ദ്രമാക്കി മറ്റൊരു ജനകീയ സമിതിക്കും രൂപം കൊടുത്തു. ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അമിക്കസ് ക്യൂറി യാത്രക്കാരുടെ ദുരിതങ്ങൾ കോടതിയെ അറിയിക്കാൻ പലതവണ നിർമ്മാണ സ്ഥലം സന്ദർശിച്ചു. ചന്തിരൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വമ്പിച്ച മാർച്ചും ധർണയും ചന്തിരൂർ ഹൈസ്കൂളിനു മുന്നിൽ നടന്നു. പിന്നെയും ദുരിതങ്ങൾ ബാക്കിയായപ്പോഴാണ് അരൂർ – തുറവൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മുപ്പതിന് മനുഷ്യ ചങ്ങല തീരുമാനിച്ചത്.