ദോഹ: സ്വദേശി വിദ്യാർഥികളുടെ ഉന്നത പഠനത്തിനായി ഖത്തർ വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തെരഞ്ഞെടുത്ത വിദേശ സർവകലാശാലകളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള മുൻനിര സ്ഥാപനങ്ങളും. വിവിധ വിഷയങ്ങളിലെ സ്വാശ്രയ പഠനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 763 സർവകലാശാലകൾക്കാണ് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയത്.
എൻജിനീയറിങ് ആൻഡ് ടെക്നോളജി, മെഡിസിൻ, ബയോളജിക്കൽ സയൻസ്, നാച്വറൽ സയൻസ്, നിയമം, അക്കൗണ്ടിങ്, വിദ്യാഭ്യാസം, സോഷ്യൽ ആൻഡ് ഹ്യൂമാനിറ്റേറിയൻ സയൻസ്, മാനേജ്മെന്റ് വിഷയങ്ങളിൽ ഉന്നത പഠനത്തിനുള്ള കലാലയങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.
ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി ഡൽഹി, ഐ.ഐ.ടി ഗുവാഹതി, ഐ.ഐ.ടി കാൺപുർ, ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി ഖരഗ്പുർ, ഐ.ഐ.ടി റൂർകി, വി.ഐ.ടി വെല്ലൂർ, അണ്ണാ യൂനിവേഴ്സിറ്റി, ചണ്ഡീഗഢ് യൂനിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, രാജസഥാനിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബി.ഐ.ടി.എസ് പിലാനി), എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി എന്നിങ്ങനെ ഇന്ത്യയിൽനിന്നുള്ള 13 ഉന്നത കലാലയങ്ങളാണ് ഇടം പിടിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സെൽഫ് ഫണ്ടഡ് സ്റ്റഡി വിഭാഗത്തിലാണ് ഇവ ഇടം പിടിച്ചത്. സ്കോളർഷിപ്പില്ലാതെ സ്വന്തം ചെലവിൽ വിദ്യാർഥികൾക്ക് ഇവിടെ ഉപരി പഠനം നേടാം. അതേസമയം, വിദേശത്ത് പഠിക്കാൻ മുൻകൂർ അനുമതി വാങ്ങണം. രജിസ്ട്രേഷന് മുമ്പായി ബന്ധപ്പെട്ട വിഭാഗത്തിൽനിന്നും അനുവാദം നേടിയിരിക്കണമെന്ന് മന്ത്രാലയത്തിലെ സർട്ടിഫിക്കറ്റ് തുല്യതാ വിഭാഗം ഡയറക്ടർ ജാബിർ അൽ ജാബിർ അറിയിച്ചു.
അമിരി സ്കോളർഷിപ് പ്രോഗ്രാമിൽ അമേരിക്കൻ, ബ്രിട്ടൻ, ചൈന, ആസ്ട്രേലിയ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് രാജ്യങ്ങളിൽനിന്നുള്ള 24 ലോകോത്തര സർവകലാശാലകൾ ഇടം നേടി.
അക്കാദമിക് മികവ്, ലോക റാങ്കിങ്, വിഷയങ്ങളിലെ മികവ് എന്നിവ മാനദണ്ഡമാക്കിയാണ് വിദ്യാഭ്യാസ മന്ത്രാലയം വിദേശ സർവകലാശാലകളെ തെരഞ്ഞെടുത്തത്. പട്ടികയിൽ അറബ് രാജ്യങ്ങളിൽനിന്ന് 16 സർവകലാശാലകളും ഇടം നേടിയിട്ടുണ്ട്. ജോർഡൻ, ലബനാൻ, ഒമാൻ, കുവൈത്ത്, തുനീഷ്യ, ഇറാഖ് എന്നിവിടങ്ങളിലെ സർവകലാശാലകളാണ് സെൽഫ് ഫണ്ട് വിഭാഗത്തിലുള്ള അറബ് കലാലയങ്ങൾ.