കോഴിക്കോട്: സേവന വേതന വ്യവസ്ഥ സംബന്ധിച്ച സർക്കാർ ഉത്തരവുകളിലെ അവ്യക്തതയിൽ കുരുങ്ങിയ സാക്ഷരത പ്രേരക്മാരുടെ വേതന കുടിശ്ശിക ഇതുവരെ ലഭിച്ചില്ല. വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നതോടെ കുടിശ്ശിക നൽകാൻ സർക്കാർ നിർദേശിച്ചെങ്കിലും തുക ലഭിക്കുന്നത് നീളുകയാണ്. ആറുമാസത്തെ വേതനത്തിന്റെ 60 ശതമാനം തുകയാണ് പ്രേരക്മാർക്ക് ലഭിക്കാനുള്ളത്.
സാക്ഷരത മിഷനെയും പ്രേരക്മാരെയും തദ്ദേശ വകുപ്പിന്റെ ഭാഗമാക്കിയതിനുപിന്നാലെയാണ് വേതനം കുടിശ്ശികയായത്. കഴിഞ്ഞ സെപ്തംബറിൽ ഇറങ്ങിയ ഉത്തരവുപ്രകാരമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായിരുന്ന സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയും പ്രേരക്മാരും തദേശ വകുപ്പിന്റെ കീഴിലായത്. ഈ സമയം പ്രേരക്മാരുടെ വേതനത്തിന്റെ 40 ശതമാനം സാക്ഷരത മിഷനും 60 ശതമാനം തദേശ വകുപ്പും നൽകാനാണ് തീരുമാനിച്ചത്. എന്നാൽ ഉത്തരവിലെ സാങ്കേതിക നൂലാമാലകൾ ചൂണ്ടിക്കാട്ടി വേതനം നിഷേധിക്കപ്പെട്ടു. പിന്നീട് ഇക്കാലയളവിലെ സാക്ഷരത മിഷൻ വിഹിതമായ 40 ശതമാനം തുക ഘട്ടം ഘട്ടമായി അനുവദിച്ചു. തദ്ദേശ സ്ഥാപനങ്ങൾ നൽകേണ്ട 60 ശതമാനം തുക കുടിശ്ശികയാവുകയുമായിരുന്നു.
അതിനിടെ കഴിഞ്ഞ ഏപ്രിലിൽ പ്രേരക്മാരുടെ മുഴുവൻ വേതനവും തദ്ദേശ സ്ഥാപനങ്ങളോട് നൽകാൻ നിർദേശിച്ച് ഉത്തരവിറങ്ങി. ഇതോടെ ഏപ്രിൽ, മേയ് മാസങ്ങളിലെ മുഴുവൻ വേതനം മിക്കവർക്കും ലഭിച്ചു. എന്നാൽ ജൂണിൽ വീണ്ടും ഇറങ്ങിയ ഉത്തരവിലാകട്ടെ വീണ്ടും 60 ശതമാനം തദ്ദേശ സ്ഥാപനവും 40 ശതമാനം സാക്ഷരത മിഷനും നൽകണമെന്ന വ്യവസ്ഥ കൊണ്ടുവരികയും മൂന്നുമാസം കൂടുമ്പോൾ 40 ശതമാനം വീതമുള്ള തുക സാക്ഷരത മിഷനിൽ നിന്നും റീ കൂപ് ചെയ്ത് വാങ്ങാനും തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചു. 12,000 രൂപ വേതനം നിശ്ചയിച്ച ഗ്രാമപഞ്ചായത്തുകളിലെ പ്രേരക്മാർക്ക് കഴിഞ്ഞ സെപ്തംബർ മുതൽ മാർച്ചുവരെ 4800 രൂപ തോതിലും (സാക്ഷരത മിഷൻ വിഹിതം മാത്രം) ഏപ്രിൽ, മേയ് മാസങ്ങളിൽ 12,000 രൂപ തോതിലും (തദ്ദേശ സ്ഥാപനം മുഴുവൻ തുകയും നൽകി) ജൂണിൽ 7200 രൂപയുമാണ് (തദ്ദേശ സ്ഥാപന വിഹിതം മാത്രം) മിക്കയിടത്തും ലഭിച്ചത്.
പുനർ വിന്യസിക്കപ്പെട്ട പ്രേരക്മാർക്ക് നിലവിൽ തുടർസാക്ഷരത പ്രവർത്തനങ്ങൾക്കുപുറമെ തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണം, ലഹരി വിരുദ്ധ പ്രവർത്തനം തുടങ്ങിയവയുടെയും ചുമതലകൾ നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 1620 സാക്ഷരത പ്രേരക്മാരാണുള്ളത്.