തിരുവനന്തപുരം: സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് തോൽവി അവലോകനത്തിൽ ഉയർന്നുവന്ന സംഘടന പ്രശ്നങ്ങളിലെ തീരുമാനം അടുത്ത സംസ്ഥാന സമിതി യോഗത്തിൽ. സംഘടന തലത്തിലെ തിരുത്തലുകൾ ചർച്ചക്ക് എടുത്തില്ലെന്നും അടുത്ത കമ്മിറ്റിയിൽ അതുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ ബി.ജെ.പി ബാന്ധവ ആരോപണങ്ങളിൽ ചർച്ചയുണ്ടായോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി വിഷയം അടഞ്ഞ അധ്യായമല്ല. അടഞ്ഞ അധ്യായമാണെങ്കിൽ ചർച്ച ചെയ്യുമെന്ന് പറയില്ലല്ലോ. മാധ്യമങ്ങൾ പറയുന്നതുപോലെ ബി.ജെ.പിയുമായി ഇ.പിക്ക് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം തുടർന്നു.
ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയ ശക്തികൾ പരസ്പരം ശക്തിപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. യു.ഡി.എഫ് അതിനൊപ്പമാണ്. ബി.ഡി.ജെ.എസും ആർ.എസ്.എസും ചേർന്ന് എസ്.എൻ.ഡി.പിക്ക് അകത്ത് നടത്തുന്ന വർഗീയ നീക്കങ്ങളെ എതിർക്കും. പാർട്ടി എസ്.എൻ.ഡി.പിക്ക് എതിരല്ല. ആശയപരമായ വർഗീയവത്കരണത്തെയാണ് എതിർക്കുന്നത്. വെള്ളാപ്പള്ളി പറയുന്ന ഓരോന്നിനും മറുപടിയില്ല. ന്യൂനപക്ഷങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കാനുള്ള പ്രവർത്തനങ്ങളും സംഘ്പരിവാർ നടത്തുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കാസ പോലുള്ള സംഘടനകൾ അതാണ് ചെയ്യുന്നത്. ശാഖകൾ സ്ഥാപിച്ച് ക്ഷേത്രങ്ങൾ കൈയടക്കുകയാണ് ആർ.എസ്.എസ്. ദേവസ്വം ബോർഡ് ഇതു തടയണം. വിശ്വാസത്തിന് പാർട്ടി എതിരല്ല. പാർട്ടി അംഗമായതുകൊണ്ട് വിശ്വാസം മാറ്റിവെക്കണമെന്നില്ല. സ്വയം തീരുമാനിക്കാം. പാർട്ടി അംഗങ്ങളിൽ വലിയൊരു വിഭാഗം വിശ്വാസികളുണ്ട്. പാർട്ടി മെംബർഷിപ്പിൽ വരുന്നവരെല്ലാം മാർക്സിസ്റ്റ് ആയി എന്നു കരുതേണ്ട. ഒരാൾ മാർക്സിസ്റ്റ് ആകാൻ കുറേ സമയമെടുക്കും.
തെറ്റുതിരുത്തൽ സ്ഥിരം അജണ്ടയാണ്. സർക്കാറിന്റെ മുൻഗണന സംബന്ധിച്ച് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പാർട്ടിയുടെ ചർച്ചയുടെ അടിസ്ഥാനത്തിലാണ്. മുൻഗണന നിശ്ചയിക്കാതെയാണ് പ്രവർത്തിച്ചത്. എല്ലാം നിർവഹിക്കാൻ കഴിയുമെന്നായിരുന്നു ധാരണ. പുതിയ സാഹചര്യത്തിൽ മുൻഗണന നിശ്ചയിച്ചു. ഒരാൾക്ക് മാത്രമായി തിരുത്തില്ല. ആരൊക്കെ തിരുത്തണമോ അവരെല്ലാം തിരുത്തുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.