ബംഗളൂരു: ഉപഭോക്താവിന് തകരാർ സംഭവിച്ച ഇലക്ട്രിക് സ്കൂട്ടർ നൽകിയ സംഭവത്തിൽ ഒല ഇലക്ട്രിക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് 1.94 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ഉത്തരവ്. ബംഗളൂരു ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റേതാണ് വിധി. സ്കൂട്ടറിന്റെ വിലയും ആറ് ശതമാനം പലിശയും ഉൾപ്പെടെയാണ് 1.94 ലക്ഷം നഷ്ടപരിഹാരം നൽകേണ്ടത്. ഇതിൽ 20,000 രൂപ ഉപഭോക്താവ് നേരിട്ട മാനസിക പ്രയാസം പരിഗണിച്ചും 10,000 രൂപ കോടതി ചെലവുകൾക്കുമാണ്.
ആർ.ടി നഗർ സ്വദേശിയായ ദുർഗേഷ് നിഷാദ് എന്നയാളാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷനിൽ പരാതിയുമായെത്തിയത്. തകരാർ സംഭവിച്ച സ്കൂട്ടറാണ് ഒല തനിക്ക് ഡെലിവറി ചെയ്തതെന്നും എന്നാൽ തകരാർ പരിഹരിക്കാനോ സ്കൂട്ടർ മാറ്റിനൽകാനോ തയാറായില്ലെന്ന് പരാതിയിൽ പറഞ്ഞു. കഴിഞ്ഞ ഡിസംബർ 12നാണ് ഒല എസ് വൺ പ്രൊ സ്കൂട്ടർ 1.63 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയത്.
സ്കൂട്ടറിന് മുകളിലെ പാനലിന് ഉൾപ്പെടെ പലയിടത്തും തകരാർ സംഭവിച്ചതായി ഡെലിവറി സമയത്ത് തന്നെ ശ്രദ്ധിച്ചിരുന്നു. ഇത് കമ്പനിയെ അറിയിക്കുകയും ചെയ്തു. ഹോണും ഡിസ്പ്ലേയും പ്രവർത്തിക്കുന്നില്ലെന്നും പിന്നീട് വ്യക്തമായി. നിരവധി തവണ ഒലയുമായി ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃ കമീഷനെ സമീപിച്ചത്.
ഒലയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ച സംഭവിച്ചതായി കമീഷൻ നിരീക്ഷിച്ചു. പരാതിയിൽ നൽകിയ നോട്ടീസിന് പോലും ഒല മറുപടി നൽകുകയോ കമീഷന് മുന്നിൽ ഹാജരാകുകയോ ചെയ്തിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് 1.94 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധിച്ചത്.