കണ്ണൂർ: സി.പി.എം നിയന്ത്രണത്തിലുള്ള ഇരിവേരി സർവിസ് സഹകരണ ബാങ്ക് ഒരുകോടി വായ്പ നൽകിയ നടപടിക്രമത്തിൽ അടിമുടി ദുരൂഹത. 10 പേരുടെ വിലാസത്തിൽ 10 ലക്ഷം രൂപവീതം ഒറ്റ ദിവസംകൊണ്ട് മുൻ ഭരണസമിതി പാസാക്കിയതും വായ്പതുക മറ്റൊരാൾ കൈപ്പറ്റിയതും വേറെ ഒരാൾ തിരിച്ചടവ് നൽകിയതുമാണ് ദുരൂഹത വർധിപ്പിക്കുന്നത്. തട്ടിപ്പ് പുറത്തറിഞ്ഞതോടെ കേസ് ഒത്തുതീർപ്പാക്കാൻ തിരക്കിട്ട നീക്കമാണ് നടക്കുന്നത്.
അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡിലെ വ്യാപാരിയായിരുന്ന രാഗേഷ് പൂക്കണ്ടി എന്നയാൾക്ക് വേണ്ടിയാണ് വായ്പയെടുത്തതെന്നും അദ്ദേഹത്തിന്റെ മാനേജറായ പ്രകാശൻ എന്നയാളാണ് വായ്പ തുക കൈപ്പറ്റിയതെന്നുമാണ് ബാങ്ക് രേഖയിലുള്ള 10 അപേക്ഷകർ പൊലീസിൽ നൽകിയ മൊഴി. ഇതുപ്രകാരം ഈ പത്തുപേരെയും സാക്ഷികളാക്കിയാണ് 14 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രാഗേഷ് പൂക്കണ്ടി, അന്നത്തെ ബാങ്ക് സെക്രട്ടറി, മാനേജർ, അന്നത്തെ ഭരണസമിതിയിലെ 11 പേർ ഉൾപ്പെടെയാണ് ഈ 14 പേർ.
2019 ജനുവരി 17ന് നടന്ന ഭരണസമിതി യോഗത്തിലാണ് ബിസിനസ് വായ്പ നൽകാൻ തീരുമാനിച്ചത്. 2020 ഫെബ്രുവരി വരെ ഒരു അക്കൗണ്ടിലേക്ക് 3000 രൂപ വീതം 30,000 രൂപ ദിവസ കലക്ഷനും നടന്നു. കോവിഡ് കാലം വന്നതോടെ കലക്ഷൻ മുടങ്ങി. ഏകദേശം നാലു ലക്ഷം രൂപ ഒരു അക്കൗണ്ടിൽ മുതൽ ഇനത്തിൽ അടച്ചു. അടവു മുടങ്ങിയതോടെ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ് അയക്കുകയും രണ്ട് പേരിൽനിന്ന് വണ്ടിച്ചെക്ക് ലഭിക്കുകയും ചെയ്തതോടെയാണ് ബാങ്ക് ഭരണസമിതി ചക്കരക്കൽ പൊലീസിൽ പരാതി നൽകിയത്.
വായ്പ അപേക്ഷകരിൽ പലരും ആ വിവരംതന്നെ അറിയുന്നത് പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ്. തിരിച്ചടവ് എല്ലാം ഒരു കടയിൽനിന്നാണ് എന്ന് പണം കൈപ്പറ്റിയ കലക്ഷൻ ഏജന്റുമാരും പൊലീസിന് മൊഴി നൽകി. ലോൺ അപേക്ഷ നൽകിയത് ഒരു സംഘവും പണം കൈപ്പറ്റിയത് മറ്റൊരാളും ആയിട്ടും അദ്ദേഹം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. മുൻ ബാങ്ക് ഭരണസമിതിയിലെ 11 പേരിൽ ഒരാൾ നിലവിലെ സമിതിയിലുമുണ്ട്.
വിശ്വാസവഞ്ചന, ചതി, വ്യാജരേഖ ചമക്കൽ തുടങ്ങി ജാമ്യമില്ലാത്ത കേസായിട്ടും ഒരാളുടെയും അറസ്റ്റും ഉണ്ടായിട്ടില്ല. മാസങ്ങൾക്കു മുമ്പ് കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചു. ഒരുമാസം മുമ്പ് ബാങ്ക് സെക്രട്ടറിയെയും മാനേജറെയും സസ്പെൻഡ് ചെയ്തതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്.