കുവൈത്ത് സിറ്റി: പ്രശസ്ത നടൻ ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിച്ച സംഗീത സംവിധായകൻ രമേശ് നാരായണന്റെ നടപടി സാംസ്കാരിക കേരളത്തിന് അപമാനവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് കല കുവൈത്ത്. ആസിഫ് അലിയെ അപമാനിക്കുന്ന രീതിയിലുള്ള ഈ സമീപനം ഒരു കലാകാരൻ എന്ന നിലയിൽ രമേശ് നാരായണന്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും കല കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
രമേശ് നാരായണന് പുരസ്കാരം കൈമാറാൻ വേദിയിലെത്തിയ നടൻ ആസിഫ് അലിയിൽ നിന്നും പുരസ്കാരം പിടിച്ചുവാങ്ങി സംവിധായകൻ ജയരാജനെ വേദിയിലേക്ക് ക്ഷണിക്കുകയും പുരസ്കാരം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്ത് ജയരാജനിൽ നിന്ന് ഏറ്റുവാങ്ങുകയാണ് ചെയ്തതെന്ന് കല കുവൈത്ത് ചൂണ്ടികാട്ടി.