നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. എം ടി വാസുദേവൻ നായരുടെ 9 കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങൾ ‘ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.
പരിപാടിയിൽ സന്നിഹിതനായിരുന്ന രമേഷ് നാരായണന് മൊമെന്റോ സമ്മാനിക്കാൻ ആസിഫ് അലിയെ ആയിരുന്നു ക്ഷണിച്ചത്. ആസിഫ് അലിയുടെ കയ്യിൽ നിന്നും നീരസത്തോടെ മൊമെന്റോ സ്വീകരിക്കുകയും പിന്നീട് സംവിധായകൻ ജയരാജനെ വിളിച്ചുവരുത്തി മൊമെന്റോ കയ്യിൽ വച്ചു കൊടുത്ത ശേഷം സ്വീകരിക്കുന്നതും ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ.
മൊമന്റോ സ്വീകരിക്കുന്നത് പോയിട്ട് ആസിഫ് അലിയോട് സംസാരിക്കാനോ അദ്ദേഹത്തെ ഒന്ന് നോക്കുവാനോ അഭിവാദ്യം ചെയ്യുവാനോ രമേശ് നാരായണൻ തയ്യാറായില്ലെന്നാണ് ആരോപണം. വളരെ മോശം പെരുമാറ്റം ആണ് സംഗീതസംവിധായകനായ രമേശ് നാരായണയിൽ നിന്ന് ഉണ്ടായതെന്നും സംഭവത്തിൽ മാപ്പ് പറയണമെന്ന് ആണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്.