കോഴിക്കോട്: നടൻ ആസിഫ് അലിയിൽ നിന്ന് മെമന്റോ ഏറ്റുവാങ്ങാൻ മടിച്ച സംഗീത സംവിധായകൻ രമേശ് നാരായണനെതിരെ സമൂഹ മാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ശരത്. പുരസ്കാര ജേതാവിന്റെ പ്രവൃത്തി പുരസ്കാരം നൽകിയ കലാകാരന് വേദനിപ്പിച്ചുവെങ്കിൽ ക്ഷമാപണം നടത്തണമെന്ന് ശരത് ഫേസ്ബുക്കിൽ കുറിച്ചു.
രമേശ് അണ്ണാച്ചി ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു സംഗീതജ്ഞൻ ആണ്. മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല. ആസിഫ് തന്റെ കുഞ്ഞനുജൻ ആണെന്നും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ നിന്റെയൊപ്പം ഞങ്ങൾ എല്ലാവരുമുണ്ടെന്നും ശരത് വ്യക്തമാക്കി.
ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കല എന്നത് ദൈവീകം ആണ് അത് പലർക്കും പല രൂപത്തിൽ ആണ് കിട്ടുന്നത്.. ചിലർ അഭിനയത്തിൽ മറ്റു ചിലർ സംഗീതത്തിലോ, ചിത്ര രചനയിലോ, വാദ്യകലകളിലോ, ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാനിധ്യം ഉണ്ട്… ആ ദൈവീക സാനിധ്യം ഉള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മൾ കാണേണ്ടത്…
പുരസ്കാര ദാന ചടങ്ങുകളിൽ നമുക്ക് പുരസ്കാരം തരുന്ന ആള് ഒരു പ്രതിനിധി ആണ്… അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും.. അപ്പോൾ പുരസ്കാര ജേതാവിന്റെ പ്രവർത്തി ഈ പുരസ്കാരം നൽകിയ കലാകാരന് വേദനിപ്പിച്ചു എങ്കിൽ, അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേ ഒള്ളു..
രമേശ് അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു സംഗീതജ്ഞൻ ആണ്, മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി…
അദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫിനെ വിളിച്ച് സംസാരിച്ചാൽ തീരുന്നതാണ്… ആസിഫ് എന്റെ കുഞ്ഞു അനുജൻ ആണ്… എവിടെ കണ്ടാലും ആ നിഷ്കളങ്കമായാ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കൻ ❤️പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുന്നത് ആർക്കും സഹിക്കാൻ പറ്റില്ല…അപ്പോൾ ആസിഫ്നോട് എനിക്ക് പറയാൻ ഒന്നേ ഒള്ളു “പോട്ടെടാ ചെക്കാ” വിട്ടുകള… വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ നിന്റെയൊപ്പം ഞങ്ങൾ എല്ലാരും ഉണ്ട്…Asif Ali ❤️
തിങ്കളാഴ്ച എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കിയുള്ള ‘മനോരഥങ്ങൾ’ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ കൊച്ചിയിൽ നടന്ന ട്രെയ്ലർ പ്രകാശന വേളയിലെ ചടങ്ങാണ് വിവാദമായത്. മമ്മൂട്ടിയും എം.ടിയും ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിന്റെ അവസാനഘട്ടത്തിലാണ് അണിയറ പ്രവർത്തകരെ ആദരിച്ചത്. ‘മനോരഥങ്ങളി’ൽ ജയരാജ് സംവിധാനം ചെയ്ത ‘സ്വർഗം തുറക്കുന്ന സമയം’ ചിത്രത്തിന്റെ സംഗീത സംവിധായകൻ രമേശിന് മെമന്റോ കൈമാറാൻ സംഘാടകർ ആസിഫിനെയാണ് ക്ഷണിച്ചത്.
താൽപര്യമില്ലാത്ത മട്ടിൽ മെമന്റോ വാങ്ങിയ രമേശ്, ആസിഫിനെ അഭിവാദ്യം ചെയ്യാനോ ഹസ്തദാനത്തിനോ തയാറായില്ലെന്നാണ് ആരോപണം. വേദിയിലുണ്ടായിരുന്ന ജയരാജിനെ വിളിച്ചു വരുത്തി മെമന്റോ തിരിച്ചേൽപിച്ച് അദ്ദേഹത്തിൽ നിന്ന് വീണ്ടും സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് രമേശിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ആളുകൾ രംഗത്തെത്തിയത്.
എന്നാൽ, ആസിഫിനെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നാണ് രമേശിന്റെ വിശദീകരണം. ആസിഫിനെ രമേശ് അപമാനിച്ചതായി തോന്നുന്നില്ലെന്നും ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിലുള്ള സ്നേഹപ്രകടനത്തിന്റെ ഭാഗമായാകാം തന്റെ കൈയിൽ നിന്ന് വീണ്ടും മെമന്റോ സ്വീകരിച്ചതെന്നും ജയരാജും പ്രതികരിച്ചു. എന്നാൽ, വിഷയത്തിൽ ആസിഫ് അലി പ്രതികരിച്ചിട്ടില്ല.