എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസാണ് ‘മനോരഥങ്ങൾ’. കഴിഞ്ഞ ദിവസമായിരുന്നു മനോരഥങ്ങളുടെ ട്രെയിലർ റിലീസ് ചെയ്തത്. കൊച്ചിയിൽ നടന്ന ആ ചടങ്ങിൽ നിന്നുള്ള ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ വിമർശനം സൃഷ്ടിച്ചിരിക്കുകയാണ്.
ട്രെയിലർ റിലീസിനിടെ നടന്ന ചടങ്ങിൽ നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ മടിക്കുന്ന സംഗീത സംവിധായകന് രമേശ് നാരായണന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കുന്നതിനായി ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍, നടനിൽ നിന്ന് പുരസ്കാരം വാങ്ങാൻ വിമുഖത കാണിച്ചു. പിന്നീട് ട്രോഫി വാങ്ങിയ രമേശ് നാരായണൻ ആ ട്രോഫി സംവിധായകൻ ജയരാജിൽ നിന്ന് രണ്ടാമത് ഏറ്റുവാങ്ങുകയായിരുന്നു. വേദിയിൽ ഇല്ലാതിരുന്ന ജയരാജിനെ വിളിപ്പിച്ച് തനിക്ക് പുരസ്കാരം നൽകാൻ രമേശ് നാരായണൻ ആവശ്യപ്പെടുകയായിരുന്നു. ജയരാജ് നല്കിയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം രമേശ് നാരായണന് ചിത്രങ്ങൾക്ക് പോസ് ചെയ്തു. എന്നാല്‍, ആസിഫ് അലിയോട് സംസാരിക്കുന്നതോ ഹസ്തദാനം ചെയ്യുന്നതോ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഇല്ല.
വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ആസിഫിനെ പൊതുവേദിയിൽ അപമാനിക്കുന്ന തരത്തിലെ പെരുമാറ്റമായിരുന്നു രമേശ് നാരായൺന്റേതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ.
ആഗസ്റ്റ് 15 ന് ഒ.ടി.ടി പ്ലാറ്റ്ഫോമായ സീ 5ലൂടെ മനോരഥങ്ങൾ റിലീസ് ചെയ്യും. എം.ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. ‘വിൽപ്പന’ എന്ന ചെറുകഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. മധുബാലയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.