കൊച്ചി: സംസ്ഥാനം പനിക്കിടക്കയിൽ ആയിട്ട് നാളുകൾ പിന്നിട്ടിട്ടും സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. ആയിരക്കണക്കിന് ആളുകൾ പനി മൂലം ഇപ്പോഴും ആശുപത്രികളിൽ തുടരുകയാണ്. നിരവധി മനുഷ്യജീവനുകൾ പകർച്ചവ്യാധികൾ ഏറ്റു മരണപ്പെടുന്നു. സാധാരണക്കാർ വലിയ ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. ഇത്രത്തോളം ഗുരുതരമായ ഒരു സാഹചര്യത്തിലും യാതൊരു പരിഹാര ശ്രമങ്ങൾക്കും സർക്കാർ മുതിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടുദിവസത്തിലേറെ ഒരാൾ ലിഫ്റ്റിൽ കുടുങ്ങിയെന്നത് നിസ്സാര സംഭവമല്ല. ആരോഗ്യരംഗം എത്രത്തോളം കുത്തഴിഞ്ഞു എന്നതിന്റെ നേർസാക്ഷ്യമാണ് അത്. ആരോഗ്യവകുപ്പിനെ കൃത്യമായി ഏകോപിപ്പിക്കുന്നതിൽ മന്ത്രി വീണ ജോർജ് തികഞ്ഞ പരാജയമാണ്. മഴക്കാല രോഗങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരു തയ്യാറെടുപ്പും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നില്ല. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മതിയായ മരുന്നുകളുടെയും മറ്റു സൗകര്യങ്ങളുടെ കുറവുണ്ട്. അടിയന്തര അവശ്യ മരുന്നുകൾ പോലും പലയിടത്തും ലഭിക്കുന്നില്ല. ആരോഗ്യവകുപ്പിനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും പി എസ് അനുതാജ് ആവശ്യപ്പെട്ടു.