യു.എസ്. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹിയോ സെനറ്റർ ജെ.ഡി. വാൻസിനെ റിപ്പബ്ലിക്കൻ പാർട്ടി പ്രഖ്യാപിച്ചത് പിന്നാലെ ഇന്റർനെറ്റിൽ കൂടുതൽ പേർ തിരഞ്ഞ പേരാണ് ഇന്ത്യൻ വംശജയായ ഉഷ ചിലുകുരിയുടേത്. വാൻസിന്റെ ഭാര്യയാണ് യു.എസ് സർക്കാറിൽ അറ്റോർണിയായ ഉഷ ചിലുകുരി വാൻസ്. ഉഷയുടെ വ്യക്തിഗത വിവരങ്ങളും വാൻസിനുമായി കണ്ടുമുട്ടിയതുമാണ് നെറ്റിസൻസിന് അറിയേണ്ടത്.
ആന്ധ്രയിൽ വേരുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ ഉഷ ചിലുകുരി അമേരിക്കയിലെ കാലിഫോർണിയയിലാണ് ജനിച്ചത്. സാന്റിയാഗോയിൽ കുട്ടിക്കാലം ചെലവഴിച്ച ഉഷ റാഞ്ചോ പെനാസ്ക്വിറ്റോസിലെ മൗണ്ട് കാർമൽ ഹൈസ്കൂളിലാണ് പഠിച്ചത്. 2013ൽ യേൽ ലോ സ്കൂളിൽ നിയമപഠനം പൂർത്തിയാക്കി.
യേൽ സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബി.എയും കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിലും ഉഷ നേടി. ഇതിനിടെ, ദ യേൽ ലോ ജേണലിന്റെ എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് എഡിറ്ററായും യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്നോളജിയുടെ മാനേജിങ് എഡിറ്ററായും സേവനം ചെയ്തു.
ലോ സ്കൂളിലെ പഠനത്തിനിടെയാണ് ജെ.ഡി. വാൻസിനെ ഉഷ കാണുന്നതും പരിചയപ്പെടുന്നതും. നിയമ ബിരുദം നേടിയതിന് പിന്നാലെ 2014ൽ വാൻസ് ഉഷയുടെ ജീവിതപങ്കാളിയായി. ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.
യേലിലെ നാലു വർഷത്തെ പാഠ്യേതര പ്രവർത്തനത്തിന് ശേഷം കേംബ്രിഡ്ജിൽ ഗെറ്റ്സ് ഫെല്ലോയായി ഉഷ പഠനം തുടർന്നു. ഈ സമയത്താണ് ഇടത്–ലിബറൽ വിഭാഗവുമായി അവർ അടുപ്പം സ്ഥാപിച്ചത്. 2014ൽ ഡെമോക്രാറ്റിക് പാർട്ടിയിലാണ് ഉഷ പ്രവർത്തിച്ചിരുന്നത്. എന്നാൽ, 2018 മുതൽ ഒഹിയോയിൽ റിപ്പബ്ലിക്കൻ ആയാണ് വോട്ട് രേഖപ്പെടുത്തിയത്.
സുപ്രീംകോടതിയിലെ പ്രമുഖ ജഡ്ജിമാരായ ബ്രെറ്റ് കാവനോവ്, ജോൺ റോബർട്ട് എന്നിവരുടെ കീഴിൽ ലോ ക്ലർക്കായി സേവനം ചെയ്തു. സുപ്രീംകോടതി അഭിഭാഷക ക്ലിനിക്, മീഡിയ ഫ്രീഡം ആൻഡ് ഇൻഫർമേഷൻ ആക്സസ് ക്ലിനിക്, ഇറാഖി അഭയാർഥി സഹായ പദ്ധതി തുടങ്ങിയവയിലും ഉഷ ചിലുകുരി സജീവ സാന്നിധ്യമായിരുന്നു. 2015 മുതൽ 2017 വരെ സാൻഫ്രാൻസിസ്കോയിലെ മുൻഗർ, ടോൾസ് ആൻഡ് ഓൾസൺ എൽ.എൽ.പി, വാഷിങ്ഡൻ ഡി.സി എന്നിവിടങ്ങളായിരുന്നു കർമമേഖല.
ഉഷയാണ് ഭർത്താവ് വാൻസിന്റെ രാഷ്ട്രീയ പ്രവേശനത്തിനും വളർച്ചയിലും സുപ്രധാന പങ്കുവഹിച്ചത്. 2016, 2022 വർഷങ്ങളിലെ സെനറ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്ന ഉഷ, വാൻസിന്റെ രാഷ്ട്രീയ പരിപാടികൾക്ക് എല്ലാ പിന്തുണയും മാർഗനിർദേശവും നൽകാറുണ്ട്.
യു.എസിലെ ഗ്രാമീണ വിഭാഗങ്ങളിലെ സാമൂഹ്യ തകർച്ചയെ കുറിച്ചുള്ള ചിന്തകൾ ഏകോപിപ്പിക്കാനും ‘ഹിൽബില്ലി എലജി’ എന്ന ഓർമക്കുറിപ്പ് രചിക്കാനും വാൻസിനെ സഹായിച്ചതും ഉഷയാണ്. ബെസ്റ്റ് സെല്ലറായ ഓർമക്കുറിപ്പ് പ്രമേയമാക്കി 2020ൽ സംവിധായകൻ റോൺ ഹോവാഡ് സിനിമ ചെയ്തു. ഇവാൻ, വിവേക്, മിറാബെൽ എന്നിവരാണ് ഉഷ-വാൻസ് ദമ്പതികളുടെ മക്കൾ.