ലണ്ടൻ
പുതിയ പരിശീലകനെ തേടുകയാണ് ഇംഗ്ലണ്ട്. സെപ്തംബർ ഏഴിന് റിപ്പബ്ലിക് ഓഫ് അയർലൻഡുമായുള്ള മത്സരത്തിന് പുതിയ പരിശീലകന് കീഴിലാകും ടീം ഇറങ്ങുകയെന്ന് ഫുട്ബോൾ അസോസിയേഷൻ തലവൻ മാർക് ബുള്ളിങ്ഹാം അറിയിച്ചു. പുതിയ കോച്ചിന് അടുത്ത ലോകകപ്പ് വരെയാകും ചുമതല. വമ്പൻ പേരുകാർക്കൊപ്പം ആഭ്യന്തരതലത്തിൽ തിളങ്ങിയ പരിശീലകരും പട്ടികയിലുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ പ്രമുഖ പരിശീലകരാണ് സാധ്യതകളിൽ മുന്നിൽ. മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള, ലിവർപൂളിൽനിന്ന് സ്ഥാനമൊഴിഞ്ഞ യുർഗൻ ക്ലോപ്, ന്യൂകാസിൽ യുണൈറ്റഡിന്റെ എഡ്ഡി ഹൊവെ, ചെൽസിയുടെ ചുമതലയിലുണ്ടായിരുന്ന മൗറീസിയോ പൊച്ചെട്ടീനോ, ഗ്രഹാം പൊട്ടെർ, തോമസ് ടുഷെൽ എന്നിവരെല്ലാം പരിഗണനയിലുണ്ട്. ഇതിൽ ക്ലോപ്, പൊച്ചെട്ടീനോ, പൊട്ടെർ, ടുഷെൽ എന്നിവർ നിലവിൽ ഒരു ടീമിന്റെയും ചുമതലയിൽ ഇല്ല.
ഇംഗ്ലീഷുകാരായവരെയാണ് നിയോഗിക്കുന്നതെങ്കിൽ പൊട്ടെർക്കും ഹൊവെയ്ക്കുമാണ് സാധ്യത. ഇംഗ്ലണ്ട് അണ്ടർ 21 ടീമിന്റെ കോച്ചായ ലീ കാൾസിയും പ്രധാന പരിഗണനയിലുണ്ട്. കഴിഞ്ഞവർഷം ടീമിനെ യൂറോ ചാമ്പ്യൻമാരാക്കിയിട്ടുണ്ട് ഈ അമ്പതുകാരൻ. സീനിയർ ടീമിന്റെ പരിശീലകനാകുംമുമ്പ് സൗത്ഗേറ്റും അണ്ടർ 21 ടീമിന്റെ ചുമതല വഹിച്ചിരുന്നു. അസോസിയേഷനുമായി അടുത്ത ബന്ധമുള്ളതും കാൾസിക്ക് ഗുണംചെയ്യും.