ദോഹ: യൂറോപ്യൻ ക്ലബ് ഫുട്ബാളിലും ദേശീയ ടീമിലുമായി കിരീടങ്ങൾ വാരിക്കൂട്ടിയ സീസണിനൊടുവിൽ റയൽ മഡ്രിഡിന്റെ സൂപ്പർ താരം ഹൊസേലു മാറ്റോ ഖത്തറിന്റെ മണ്ണിലെത്തി. യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡിന് കിരീടം സമ്മാനിച്ച പ്രകടനവും, യൂറോപ്യൻ ജേതാക്കളായ സ്പാനിഷ് ടീമിലെ അംഗമായും താരപ്പകിട്ടിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് 34കാരനായ ഹൊസേലു മാറ്റോ ഖത്തർ സ്റ്റാർസ് ലീഗിൽ പന്തുതട്ടാനെത്തുന്നത്.
യൂറോ ഫൈനലിനും മുമ്പേ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബുമായി കരാറിൽ ഒപ്പുവെച്ച താരം ഞായറാഴ്ച രാത്രിയോടെ ദോഹയിലെത്തി ക്ലബിനൊപ്പം ചേർന്നു.
ആരാധകരും, ക്ലബ് മാനേജ്മെന്റ് അധികൃതരും ഹമദ് വിമാനത്താവളത്തിൽ സൂപ്പർതാരത്തെ വരവേൽക്കാൻ എത്തിയിരുന്നു. റയൽ മഡ്രിഡ് യൂത്ത് ടീമിലൂടെ വളർന്നുവന്ന സ്ട്രൈക്കർ, വിവിധ യൂറേപ്യൻ ക്ലബുകളിൽ കളിച്ച ശേഷം, കഴിഞ്ഞ സീസണിൽ വായ്പാടിസ്ഥാനത്തിൽ വീണ്ടും റയൽ മഡ്രിഡിലെത്തി താരമാവുകയായിരുന്നു.
ചാമ്പ്യൻസ് ലീഗ് സെമിയിൽ ബയേൺ മ്യൂണികിനെതിരെ റയലിന് ഉശിരൻ തിരിച്ചുവരവൊരുക്കിയ ഇരട്ട ഗോൾ നേടിയ ഹൊസേലു വരും സീസണിൽ റയലുമായി കരാറൊപ്പിട്ട് ഇടം ഉറപ്പിക്കുമെന്ന വാർത്തകൾക്കിടെയാണ് ഖത്തർ തിരഞ്ഞെടുക്കുന്നത്. ഖത്തർ സ്റ്റാർസ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗറാഫയുടെ മുന്നേറ്റത്തിന് കരുത്താകുന്നതാണ് യൂറോപ്യൻ സെൻസേഷൻ താരത്തിന്റെ വരവ്.