ഉടുപ്പി: കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് തെരച്ചിൽ നടത്തുന്ന സൈന്യം. റോഡിലെ മാൺകൂനക്കടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു. എന്നാൽ സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷേ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. ഇടിഞ്ഞു വീണ മണ്ണിനൊപ്പം ലോറി ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് പരിശോധിക്കുകയാണ് ഒരു സംഘം. ഇതിനൊപ്പം നദിയിലും പരിശോധന നടക്കുന്നുണ്ട്. ഏഴാം ദിവസമാണ് അർജുനായുളള തെരച്ചിൽ തുടരുന്നത്. അര്‍ജുന്റെ ലോറി റോഡരികിൽ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്. നിലവിൽ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്. എന്നാൽ നദിയിൽ വലിയ അളവിൽ മൺകൂനയുളളത് തിരിച്ചടിയാണ്.