ന്യൂയോർക്ക്: അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഒടുവിൽ ഡെമോക്രാറ്റിക് നേതാവും മുന്‍ പ്രസിഡന്റുമായ ഒബാമയുടെ പിന്തുണ കമല ഹാരിസിനു ലഭിച്ചു. സ്വകാര്യ ടെലഫോൺ കാളിലൂടെയാണ് ബറാക് ഒബാമയും ഭാര്യ മിഷേലും കമല ഹാരിസിനുള്ള പിന്തുണ അറിയിച്ചത്.
ജോ ബൈഡനു പകരം സ്ഥാനാര്‍ഥിയായി എത്തിയ കമലാ ഹാരിസിനെ ബറാക് ഒബാമ പിന്തുണക്കുന്നില്ലെന്ന വാര്‍ത്തകളായിരുന്നു പുറത്തു വന്നിരുന്നത്. ‘നിങ്ങളെ പ്രസിന്റായി അവരോധിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യുമെന്നും നിങ്ങൾ യു.എസിന്റെ മികച്ച പ്രസിഡന്റായി മാറുമെന്നും ഒബാമ പറഞ്ഞു. കമലയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ഇതു ചരിത്രമാകുമെന്നും മിഷേൽ പറഞ്ഞതായും യു.എസ്.മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പിന്തുണക്ക് നന്ദി അറിയിച്ച കമല ഹാരിസ് ഒബാമയും മിഷേലും നൽകിയ പിന്തുണ താൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നെന്നും വെളിപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസിഡന്റ് ജോ ബൈഡൻ പ്രസിഡന്റ് ഡെമോക്രാറ്റിക് സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറുന്നതും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരു നിർദേശിക്കുന്നതും.