അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ പല നടിമാരും മേക്കപ്പ് ചെയ്യാന്‍ വിളിക്കാതെയായെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
”അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയാണ് ഞാന്‍. അതിനാല്‍ത്തന്നെ സിനിമയില്‍ നിന്നും എന്നെ ഒരുപാട് മാറ്റി നിര്‍ത്തിയിട്ടുണ്ട്. കുറേ ആര്‍ട്ടിസ്റ്റുകള്‍ എന്നെ മേക്കപ്പ് ചെയ്യാന്‍ വിളിക്കാതെയായി.
ചിലപ്പോള്‍ അതിനുകാരണം ഒരു നടി ആക്രമിക്കപ്പെട്ട കേസില്‍ ഞാന്‍ കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നു. എന്റെ അഭിപ്രായം സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം. ആ നടിയെ പിന്തുണച്ച മറ്റ് നടിമാര്‍ പോലും പിന്നെ എന്നെ വിളിക്കാതെ വന്നു. ആ നടി ആക്രമിക്കപ്പെട്ട ദിവസം ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോകാന്‍ തീരുമാനിച്ചിരുന്നു.
എനിക്ക് മൈഗ്രേയ്ന് ഉള്ളതുകൊണ്ടാണ് അന്നത് സംഭവിക്കാതെ പോയത്. അതിന് നിരാശയുണ്ട്. അടുത്ത ദിവസം മറ്റൊരു നടിയാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. ചിലപ്പോള്‍ ഈ കാര്യങ്ങള്‍ ഞാന്‍ വീണ്ടും പറയുമ്പോള്‍ എനിക്ക് വധഭീഷണി വന്നേക്കാം. പല ഭീഷണികളും എനിക്ക് ഫോണിലൂടെയും ട്രോളുകളിലൂടെയും ലഭിച്ചിട്ടുണ്ട്.
അപ്പോഴൊക്കെ ഞാന്‍ എന്റെ മേല്‍വിലാസം മറുപടിയായി അവര്‍ക്ക് അയച്ചുകൊടുക്കും. അതിനാല്‍ത്തന്നെ പലയിടങ്ങളില്‍ എന്നെ തഴഞ്ഞിട്ടുണ്ട്. മംമ്ത മോഹന്‍ദാസിന്റെ കൂടെ പ്രവര്‍ത്തിച്ചതുകൊണ്ട് പല നടികളും എന്നെ പലയിടങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്…”