സന്ധിവാതമെന്നാൽ പ്രായാധിക്യത്താൽ സന്ധികൾക്കുണ്ടാകുന്ന പ്രശ്നമാണെന്നും പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമാണെന്നുമുള്ള ധാരണ പൊതുവിലുണ്ട്. എന്നാൽ, സന്ധിവാതരോഗങ്ങൾ ബാധിക്കുന്നവരിൽ മൂന്നിലൊന്നുപേർ ചെറുപ്പക്കാരാണെന്നാണ് കണക്ക്.
ബാക്ടീരിയയും വൈറസും പോലുള്ള കീടാണുക്കളെ നേരിടുകയാണ് രോഗപ്രതിരോധ പ്രവർത്തനത്തിലൂടെ ശരീരം ചെയ്യുന്നത്. എന്നാൽ, ചിലപ്പോഴെങ്കിലും സ്വന്തം ശരീരകോശങ്ങളെ അന്യവസ്തുവായി ‘തെറ്റിദ്ധരി’ച്ച് അതിനെതിരെ രോഗപ്രതിരോധശേഷി ‘ആക്രമണം’ അഴിച്ചുവിടാറുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂടുതലായി പ്രവർത്തിക്കുമ്പോഴാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്. സന്ധികൾക്കെതിരെ തിരിയുമ്പോൾ ഇത് സന്ധിവാതരോഗങ്ങൾ ഉണ്ടാകും. ഇവയ്ക്ക് ശരിയായ സമയത്ത് ചികിത്സവേണം.
കാരണങ്ങൾ പലത്
രണ്ടോ അതിലധികമോ അസ്ഥികൾ കൂടിച്ചേരുന്ന ഇടങ്ങളാണ് സന്ധികൾ. ഇവയ്ക്ക് ഉറപ്പു നൽകുന്നത് അതിനു ചുറ്റുമുള്ള മാംസപേശികളും അസ്ഥിബന്ധങ്ങളുമാണ്. ഇവയെല്ലാം കൂടിച്ചേരുന്ന സമുച്ചയത്തെ ബാധിക്കുന്ന രോഗങ്ങളാണ് സന്ധിവാതരോഗം അഥവാ ആർത്രൈറ്റിസ്. സന്ധികളുടെ തേയ്മാനം, അമിതമായ ശരീരഭാരം, പ്രമേഹം പോലുള്ള രോഗങ്ങൾ തുടങ്ങിയവയൊക്കെയായിരുന്നു ഒരുകാലത്ത് സന്ധിവാതത്തിന്റെ കാരണം.
ചെറുപ്പക്കാരെ കൂടുതലായി ബാധിക്കുന്ന ആമവാതം നൂറിൽ ഒരാൾക്ക് വരുന്നതായാണ് കണക്ക്. കാൽമുട്ട് വേദനയ്ക്ക് കാരണമാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ്, കഴുത്തിലെ കശേരുക്കൾക്ക് തേയ്മാനം സംഭവിക്കുന്ന സർവിക്കൽ സ്പോണ്ടിലോസിസ്, കൈമുട്ടുകളെ ബാധിക്കുന്ന ടെന്നീസ് എൽബോ തുടങ്ങിയവയും ചെറുപ്പക്കാരിൽ കൂടുതലായി കാണുന്നു. ജനിതകമാറ്റം മൂലമുള്ള സന്ധി വാതരോഗങ്ങളുമുണ്ട്.
ചികിത്സ
മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കാനായാൽ ഈ രോഗങ്ങളെയും നിയന്ത്രണത്തിലാക്കാനാകും. വിട്ടുമാറാത്ത സന്ധിവേദന, നീർക്കെട്ട്, സന്ധികൾ ചലിപ്പിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. അടിക്കടിയുള്ളതും വിട്ടുമാറാത്തതുമായ പനി, നടുവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്തും കണ്ണുകളിലും അടിക്കടി ഉണ്ടാകുന്ന അസുഖങ്ങൾ, വൃക്കകൾക്കും ഞരമ്പുകൾക്കും ഉണ്ടാകുന്ന തകരാറുകൾ തുടങ്ങിയവയും ലക്ഷണങ്ങളാകാം. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ ഡോക്ടറെ കാണണം. മരുന്നുകൾക്ക് ശരിയായ പ്രതികരണം ലഭിക്കാതെ വരുന്ന സാഹചര്യമുണ്ടായാൽ,ചികിത്സാരംഗത്തെ ‘ബ്രേക് ത്രൂ’ ആയ ബയോളജിക്കൽ തെറാപ്പി, ഓട്ടോ ഇമ്യൂൺ റുമാറ്റിക് രോഗങ്ങൾക്ക് ഏറെ ഫലപ്രദമായി കണ്ടുവരുന്നുണ്ട്.
(തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ
റുമറ്റോളജി ആൻഡ് ഇമ്യൂണോളജി
സയൻസ് ഡയറക്ടറും റുമറ്റോളജി
കൺസൾട്ടന്റുമാണ് ലേഖകൻ)